ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കില്‍ പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നത് ഏവരും കേട്ടിരിക്കും. ഇത് വാസ്തവമാണ്. ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അതിനാല്‍ തന്നെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരുന്നാല്‍ പിന്നീട് കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം അമിതമാകുന്നതിലേക്ക് കാരണമാകും. ഇത് ദഹനപ്രശ്നങ്ങളിലേക്കും, വണ്ണം കൂടുന്നതിലേക്കും ജീവിതശൈലീരോഗങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം. എന്തായാലും ബ്രേക്ക്ഫാസ്റ്റ് നിര്‍ബന്ധമായും കഴിക്കണമെന്ന് പറയുന്നതിന്‍റെ പ്രധാനപ്പെട്ട മൂന്ന് കാരണങ്ങള്‍ അറിയാം.
- ഒന്ന്…
- മുമ്പേ സൂചിപ്പിച്ചത് പോലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് പിന്നീട് അധികം ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കും. ഇത് ശരീരവണ്ണം കൂടാനും കാരണമാകും. അതിനാല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും ബ്രേക്ക്ഫാസ്റ്റ് കഴിക്കുക.
- രണ്ട്…
- പലരിലും കാണുന്നൊരു അനാരോഗ്യകരമായ ശീലമാണ് രാത്രി ഏറെ വൈകി എന്തെങ്കിലും സ്നാക്സ് കഴിക്കുന്നത്. ഇത് വണ്ണം കൂട്ടുന്നതിനും ദഹനപ്രശ്നങ്ങള്‍ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കുമെല്ലാം നയിക്കും. അതുപോലെ തന്നെ ഉറക്കത്തെയും ബാധിക്കും. മിക്കവരും രാത്രി വൈകി കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍ പിസയോ പാസ്തയോ പോലുള്ളവ ആയിരിക്കും. ഇവയിലാണെങ്കില്‍ കലോറി കൂടുതലുമായിരിക്കും. എന്നാല്‍ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ശീലിച്ചാല്‍ അത് രാത്രി വൈകി സ്നാക്സ് കഴിക്കുന്ന ശീലം ഇല്ലാതാക്കും.
- മൂന്ന്…
- ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരുന്നാല്‍ അത് മുൻകോപം, ഉത്പാദനക്ഷമതയില്ലായ്മ എന്നിവയിലേക്കെല്ലാം നയിക്കാം. രക്തത്തിലെ ഷുഗര്‍നില താഴുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാല്‍ തന്നെ ബ്രേക്ക്ഫാസ്റ്റ് പതിവാക്കുന്നതാണ് നല്ലത്. ബ്രേക്ക്ഫാസ്റ്റ് തെരഞ്ഞെടുക്കുമ്പോള്‍ കഴിവതും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ തെരഞ്ഞെടുക്കുക. മുട്ട പോലുള്ള വിഭവങ്ങളെല്ലാം കഴിക്കുന്നത് നല്ലതാണ്. ദിവസം മുഴുവൻ നീണ്ടുനില്‍ക്കുന്ന ഉന്മേഷത്തിന് ഉപകരിക്കും വിധത്തിലുള്ള വിഭവങ്ങളാണ് ഏറ്റവും ഉചിതം.