കോഴിക്കോട് : സംസ്ഥാന സർക്കാരിനുകീഴിലെ കേരള നോളജ് ഇക്കോണമി മിഷൻ സംഘടിപ്പിക്കുന്ന ജോബ് ഫെയർ രണ്ടുഘട്ടം പൂർത്തിയായപ്പോൾ തൊഴിൽ ലഭിച്ചത് അയ്യായിരത്തോളം പേർക്ക്. ആറ് ജില്ലകളിൽ ജോബ് ഫെയർ അവസാനിച്ചപ്പോൾ 4488 തൊഴിൽ വാഗ്‌ദാനങ്ങളാണ് നേരിട്ട് ലഭിച്ചത്. ഓൺലൈനായുള്ള വെർച്വൽ ജോബ് ഫെയർ റിക്രൂട്ട്‌മെന്റുകൾകൂടി പൂർത്തിയാവുമ്പോൾ അയ്യായിരമാവും.
അഞ്ചുവർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിലെന്ന ലക്ഷ്യത്തോടെ സർക്കാർ പ്രഖ്യാപിച്ച കേരള നോളജ് ഇക്കോണമി മിഷന്റെ ഭാഗമായാണ് മേളകളിലൂടെ തൊഴിൽ ലഭ്യമാക്കുന്നത്. ഈ വർഷം 10,000 പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായ തൊഴിൽമേളകൾ 2021 ഡിസംബറിൽ ആരംഭിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 2466 പേർക്കും ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലായി 2022 പേർക്കുമാണ് തൊഴിൽ ലഭിച്ചത്. മറ്റ് ജില്ലകളിൽ മേള 20നുള്ളിൽ പൂർത്തിയാക്കും. ഇതിനുപുറമെ കരിയർ തടസ്സപ്പെട്ട സ്‌ത്രീകൾക്കായി മേഖലാ തലങ്ങളിൽ മേളയുണ്ട്. തിരുവനന്തപുരത്ത് ഇത് പൂർത്തിയായി. ഐടി, ഐടി സേവന മേഖലകളിലാണ് ഏറ്റവും കൂടുതൽ തൊഴിൽ ലഭിച്ചത്. തൊട്ടുപുറകിൽ മാനേജ്‌മെന്റ് വിഭാഗത്തിലാണ്. 12,000 രൂപമുതൽ 45,000 രൂപവരെ ശമ്പളമാണ് വാഗ്‌ദാനം. രജിസ്റ്റർ ചെയ്തവർക്ക് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ നൈപുണി പരിശീലനം നൽകുന്നുണ്ട്. റിക്രൂട്ട്‌മെന്റിൽ പങ്കെടുത്തിട്ടും ജോലി ലഭിക്കാത്തവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിശീലനത്തിലൂടെ പരിഹരിച്ച് തൊഴിൽ ലഭ്യമാക്കുമെന്ന് സ്‌റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സി മധുസൂദനൻ പറഞ്ഞു. അസാപ്, കെയ്സ്, ഐസിടി അക്കാദമി, മറ്റ് അംഗീകൃത തൊഴിൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവയെ ഇതിനുപയോഗിക്കും.