കൊച്ചി: യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വർധന എന്ന ലക്ഷ്യവുമായി കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്ത് കൊച്ചി മെട്രോ. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലെത്തിച്ച് നിലവിലെ പ്രവര്‍ത്തന നഷ്ടം കുറക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് നടപടികൾ.
പൊതുജനങ്ങളെ ആകർഷിക്കാൻ പുതിയ ട്രാവല്‍ പാസ്, വിദ്യാർഥികൾക്ക് കൂടുതൽ ഡിസ്കൗണ്ട്, ഇന്ററാക്ടീവ് മൊബൈല്‍ ആപ്, കൂടുതൽ ജനകീയമാക്കാൻ എഫ്.എം റേഡിയോ തുടങ്ങിയ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. കോവിഡ് ലോക്ഡൗണും നിയന്ത്രണങ്ങളും മൂലം യാത്രക്കാരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിരുന്നു. പ്രതിദിനം 70,000 ആയിരുന്നു കോവിഡിന് മുമ്പ് പ്രതിദിന യാത്രക്കാരുടെ എണ്ണം. എന്നാൽ, ലോക്ഡൗൺ വന്നതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തുടർന്ന് ജനജീവിതം സാധാരണ നിലയിലെത്തിയപ്പോൾ മുതൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന പ്രകടമായി തുടങ്ങി. ശനിയാഴ്ച 71,560 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്.