സുല്‍ത്താന്‍ബത്തേരി: ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥിരം പ്രതിയും പുല്‍പ്പള്ളിയിലെ റൗഡിലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമായ പുല്‍പ്പള്ളി അമരക്കുനി സ്വദേശി ഷിജു ( കോടാലി ഷിജു -44) പോലീസ് പിടിയിലായി. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, കേണിച്ചിറ, പുല്‍പ്പള്ളി സ്റ്റേഷനുകളിലായി 13 കേസുകളില്‍ പ്രതിയാണ് കോടാലി ഷിജു. വധശ്രമം, പോലീസിനെ ആക്രമിക്കല്‍, ആയുധം കൈവശം വെക്കല്‍, മയക്കുമരുന്ന് കൈവശം വെക്കല്‍, ആനയെ വെടിവെച്ചുകൊന്ന കേസ് തുടങ്ങിയ ഒട്ടേറെ കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് രൂപവത്കരിച്ച ജില്ലാ പോലീസ് മേധാവിക്ക് കീഴിലുള്ള പ്രത്യേക സംഘവും കല്‍പ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. പ്രമോദ്, പുല്‍പ്പള്ളി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ. അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ഭാര്യയെ ആക്രമിച്ചതിന് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ഭാര്യ പ്രസീതയെ (44) ഷിജു ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി ഗള്‍ഫില്‍ ജോലിചെയ്യുന്ന പ്രസീതയെ ഷിജു തന്നെയാണ് വിമാനടിക്കറ്റടക്കം എടുത്തുനല്‍കി വിളിച്ചുവരുത്തിയത്. ഈ മാസം പത്തിനാണ് പ്രസീത നാട്ടിലെത്തിയത്. അതിനുശേഷം കുടുംബമായി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോയതിനുശേഷം കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ അമ്പിലേരിയിലെ ആലക്കല്‍ അപ്പാര്‍ട്ട്മെന്റിലെ താമസ സ്ഥലത്തെത്തിയത്. ബുധനാഴ്ച രാത്രി എട്ടുമണിവരെ ഷിജു വീട്ടിലുണ്ടായിരുന്നു. പിന്നീട് പുല്‍പ്പള്ളിയിലെ വീട്ടിലേക്കുപോയി. അതിനുശേഷം ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിനിടെ ഭാര്യയുമായി വാക്കുതര്‍ക്കമായി. ഇതേതുടര്‍ന്ന് അമ്പിലേരിയില്‍ തിരിച്ചെത്തിയ ഷിജു ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രസീതയ്ക്ക് തലക്കും കൈക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിയായ മകളും ആക്രമണം നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ഭാര്യയെ ആക്രമിച്ച് വാരിയെല്ലൊടിച്ചതിന് ഷിജുവിനെതിരെ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. കര്‍ണാടകയിലേക്ക് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ വൈകീട്ട് ആറരയോടെ പുല്‍പ്പള്ളിയില്‍ നിന്നാണ് ഷിജുവിനെ പിടികൂടിയത്.