കുമളി : കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും കെ റെയിൽ പദ്ധതിക്ക് അനുകൂലമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്ത് കേരളത്തിലെ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള നീക്കമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം. ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. യു.ഡി.എഫും ബി.ജെ.പി.യും പലവിധത്തിലുള്ള കുത്തിത്തിരിപ്പുകൾ നടത്തുന്നുണ്ട്. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കേരളത്തിൽ ഒരു വികസനവും നടപ്പാക്കാൻ അനുവദിക്കില്ലെന്നതാണ് അവരുടെ നിലപാട്. ഇതിന്റെ ഭാഗമായാണ് കെ റെയിൽ അടക്കമുള്ള പദ്ധതികളെ തുരങ്കംവെയ്ക്കുന്നത്. എതിർപ്പിന്റെ പേരിൽ ഒരു പദ്ധതിയും ഉപേക്ഷിക്കരുത്.
രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കുമേൽ സംഘപരിവാർ ആക്രമണം കൂടുകയാണ്. ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോൾ കേരളത്തിൽ ബി.ജെ.പി. നേതാക്കൾ ബിഷപ്പുമാരെയും മോദി മാർപ്പാപ്പയേയും സന്ദർശിക്കുന്നത് ഇരട്ടത്താപ്പാണ്. രാജ്യത്തെ മതനിരപേക്ഷതയുടെ അടിത്തറ തകർക്കുന്ന നടപടികളാണ് പ്രധാനമന്ത്രിയിൽനിന്നുണ്ടാകുന്നത്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന രാഹുൽഗാന്ധിയുടെ പ്രസ്താവന ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താനാണ്. ഒരു കോൺഗ്രസ് നേതാവുപോലും ഈ പ്രസ്താവനയെ തള്ളിപ്പറഞ്ഞില്ല. രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് ഒരിക്കലും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴയില്ലെന്നതിന്റെ തെളിവാണ് രാഹുൽഗാന്ധിയുടെ പ്രസ്താവനയെന്നും കോടിയേരി പറഞ്ഞു.