തിരുവനന്തപുരം: സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസ് ഇത്രയും വേഗം പൂർത്തിയാക്കുന്നത് ഇതാദ്യം. സീറ്റിന് അവകാശവാദവുമായി നിരവധിപേർ എത്തുന്നതോടെ സ്ഥാനാർഥി പ്രഖ്യാപനം നീളുന്ന പതിവ് നേതൃത്വം തെറ്റിച്ചു. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.എം.ഹസ്സൻ, രമേശ് ചെന്നിത്തല എന്നിവർ തൃക്കാക്കരയിലെ സ്ഥാനാർഥിക്കായി ഇന്ദിരാഭവനിൽ യോഗം ചേരുമ്പോൾ ഉമാ തോമസിന്റെ പേരിനായിരുന്നു മുൻഗണന.
മുതിർന്ന നേതാക്കൾ ആരും മറ്റു പേരുകൾ പറഞ്ഞില്ല. ഡൊമിനിക് പ്രസന്റേഷൻ ഉൾപ്പെടെയുള്ളവർ വ്യത്യസ്ത അഭിപ്രായങ്ങൾ മാധ്യമങ്ങളിൽ പറഞ്ഞതോടെ ഉമ്മന്‍ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടു. പി.ടി.തോമസിന്റെ മണ്ഡലം നിലനിർത്താൻ ഭാര്യ ഉമയാണ് അനുയോജ്യയെന്ന്, വിമതശബ്ദമുയർത്തിയവരെ നേതൃത്വം അറിയിച്ചു. ഇതോടെ, അനുനയ ശ്രമങ്ങൾക്ക് അവർ വഴങ്ങി. വി.ഡി.സതീശൻ കേരളത്തിന്റെ വിവിധയിടങ്ങളിലുള്ള നേതാക്കളുമായി നേരിട്ടും ഫോണിലും സംസാരിച്ചു. ഉമാ തോമസിന്റെ പേരിനായിരുന്നു ആ ചർച്ചകളിലും മുൻഗണന ലഭിച്ചത്.
പി.ടി.തോമസിനു മണ്ഡലവുമായി ഉണ്ടായിരുന്ന വൈകാരിക ബന്ധം യോഗത്തിൽ ചർച്ചയായി. ജനങ്ങളുമായി വളരെ അടുപ്പം പുലർത്തിയിരുന്ന, അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന നേതാവായിരുന്നു തോമസെന്നു നേതാക്കൾ പറഞ്ഞു. ഉമയാണു സ്ഥാനാര്‍ഥിയാകേണ്ടതെന്ന് എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞതോടെ പട്ടിക ഹൈക്കമാൻഡിനു കൈമാറാൻ യോഗം തീരുമാനിച്ചു. സുധാകരനും സതീശനും കേന്ദ്ര നേതൃത്വവുമായി സംസാരിച്ച് സാഹചര്യങ്ങൾ വിവരിച്ചു. തുടർന്ന്, പേര് കേന്ദ്ര നേതൃത്വത്തിന് ഔദ്യോഗികമായി കൈമാറിയശേഷം പുറത്തെത്തിയ നേതാക്കൾ ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നു വ്യക്തമാക്കി. കോൺഗ്രസിനു ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ സ്ഥാനാർഥി നിർണയം വേഗത്തിൽ പൂർത്തിയാക്കാനായത് അനുകൂല ഘടകമാകുമെന്നാണു പാർട്ടിയുടെ പ്രതീക്ഷ.