കൽപറ്റ: വീട്ടിൽ കിടന്ന് വോട്ടവകാശം വിനിയോഗിച്ചതിന്റെ സന്തോഷത്തിലാണ് രണ്ടുപതിറ്റാണ്ടിലേറെ കിടപ്പിലായ തരിയോട് കളരിക്കോട് കോളനിയിലെ കൃഷ്ണന്‍. ‘ഞാന്‍ രാജ്യത്തിന് വേണ്ടി വോട്ട് ചെയ്തു. വോട്ടു പെട്ടി വീട്ടിലെത്തി. പോസ്റ്റലായി വോട്ട് ചെയ്യാന്‍ കഴിഞ്ഞത് കൊണ്ട് മാത്രം അത് സാധിച്ചു. ഞങ്ങളെ പോലെയുള്ളവരും ഈ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ട് എന്ന് ബോധ്യപ്പെടുത്താന്‍ ഈ വോട്ടവകാശത്തിലൂടെ എനിക്കും കഴിഞ്ഞു. ഞങ്ങളുടെ ജില്ലയുടെ ഭരണാധികാരിയായ കലക്ടര്‍ രേണു രാജിന് ആയിരമായിരം അഭിനന്ദനങ്ങള്‍….’-വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കിയ ജില്ലാ കലക്ടര്‍ ഡോ.രേണുരാജിന് എഴുതിയ കുറിപ്പിൽ കൃഷ്ണൻ സൂചിപ്പിച്ചു.
പണിയ സമുദാംഗമാണ് കൃഷ്ണൻ. തരിയോട് മൂന്നാം വാര്‍ഡിലെ കൃഷ്ണന് ഇരുപതാം വയസിലാണ് മരത്തില്‍ നിന്നു വീണ് നട്ടെല്ലിന് പിരിക്കേറ്റത്. അതോടെ അരക്ക് താഴെ തളര്‍ന്ന് കിടപ്പിലായ കൃഷ്ണന്റെ പ്രതീക്ഷകളെല്ലാം ഒറ്റ മുറിക്കുള്ളിലൊതുങ്ങി. പോളിങ്ങ് ബൂത്തിലെത്തി വോട്ടു ചെയ്യുകയെന്നതെല്ലാം ശ്രമകരമായിരുന്നു. പലപ്പോഴും കൂട്ടുകാരുടെ സഹായത്തോടെയാണ് ഇതെല്ലാം നിറവേറ്റിയിരുന്നത്. ഇത്തവണ വോട്ട്ചെയ്യൽ വലിയ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യങ്ങള്‍ക്കിടയിലാണ് മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കുമെല്ലാം വീട്ടില്‍ തന്നെ വോട്ടുചെയ്യാനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമീഷന്‍ ഒരുക്കുന്നത്. ഇത് ഭംഗിയായി നിറവേറ്റി തന്ന ജില്ലാ വരാണാധികാരി കൂടിയായ കലക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ് കൃഷ്ണന്‍ അഭിനന്ദനങ്ങളറിയിച്ച് കുറിപ്പെഴുതിയത്.
കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട ജില്ലാ കലക്ടര്‍ കൃഷ്ണനെ നേരിട്ട് വിളിച്ച് കാര്യങ്ങളെല്ലാം അന്വേഷിച്ചു. കരുത്തുറ്റ ജനാധിപത്യ രാജ്യത്തിന്റെ നിർമിതിക്ക് ഓരോ വോട്ടും പ്രധാനപ്പെട്ടതാണെന്നും ഇത് ആവേശത്തോടെ വിനിയോഗിച്ച കൃഷ്ണനെ കലക്ടർ അഭിനന്ദിക്കുകയും ചെയ്തു. വീടുകളിലെത്തി നൂറുകണക്കിന് വോട്ടര്‍മാര്‍ക്ക് സൗകര്യപൂർവം വോട്ട് ചെയ്യാന്‍ അവസരമൊരുക്കി അക്ഷീണം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥ സംഘത്തെയും കലക്ടർ അഭിനന്ദിച്ചു. വയനാട്ടിൽ വീടുകളില്‍ നിന്ന് വോട്ട് ചെയ്യാൻ 5821 പേരാണ് അപേക്ഷ നല്‍കിയത്.