അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന് നാളെ അഹമ്മദാബാദില്‍ തുടക്കമാകുമ്പോള്‍ പിച്ച് പോലെതന്നെ ആരാധകര്‍ക്ക് ആകാംക്ഷയുള്ള കാര്യമാണ് ഇന്ത്യന്‍ ടീമിന്‍റെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ കളിക്കുമെന്ന്. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റിലെ നാണംകെട്ട തോല്‍വിയോടെ ടീമില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമായും രണ്ട് മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. പേസര്‍ മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമിയും വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന് പകരം ഇഷാന്‍ കിഷനും പ്ലേയിംഗ് ഇലവനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിറാജിന് വിശ്രമം അനുവദിക്കുകയാണെങ്കില്‍ ആദ്യ മൂന്ന് ടെസ്റ്റിലും വിക്കറ്റ് കീപ്പറായി തിളങ്ങിയെങ്കിലും ബാറ്റിംഗില്‍ നിരാശപ്പെടുത്തിയതാണ് ഭരതിന് വെല്ലുവിളിയാകുന്നത്. ആദ്യ മൂന്ന് ടെസ്റ്റില്‍ 14.25 ശരാശരിയില്‍ 57 റണ്‍സ് മാത്രമാണ് ഭരത് നേടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഭരതിനേക്കാള്‍ റണ്‍സ് രവീന്ദ്ര ജഡേജയ(107)യും ആര്‍ അശ്വിനും(79) ഈ പരമ്പരയില്‍ നേടി.
ഈ സാഹചര്യത്തില്‍ ഭരതിന് പകരം കിഷനെ കളിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് മറുപടി നല്‍കി. ഭരതിന്‍റെ ബാറ്റിംഗിനെക്കുറിച്ച് ആശങ്കയില്ലെന്ന് ദ്രാവിഡ് പറഞ്ഞു. ഇന്‍ഡോറില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 109 റണ്‍സിന് പുറത്തായപ്പോള്‍ ഭരത് 17 റണ്‍സ് നേടി. അതുപോലെ ഡല്‍ഹിയില്‍ രണ്ടാം ഇന്നിംഗ്സില്‍ ഭരത് ആക്രമണ ബാറ്റിംഗ് കാഴ്ചവെച്ചിരുന്നു.
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ നേടിയ 17 റണ്‍സും വിലപ്പെട്ടതാണ്. ഇത്തരം വെല്ലുിവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ കളിക്കുമ്പോള്‍ കുറച്ച് ഭാഗ്യം കൂടി വേണം. അത് ഭരത്തിനുണ്ടായില്ല. ഭരത് മികച്ച രീതിയില്‍ വിക്കറ്റ് കീപ്പ് ചെയ്യുന്നുണ്ട്. ബാറ്റിംഗിലും പുരോഗതി കൈവരിക്കുമെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ബാറ്റിംഗ് പരാജയത്തെ എടുത്തുകാട്ടേണ്ടെന്നും ദ്രാവിഡ് മാധ്യമങ്ങളോട് പറഞ്ഞു.