തിരുവനന്തപുരം : കെ.എസ്.ഇ.ബി ചെയർമാനെതിരായ സമരം ശക്തമാക്കി ഇടത് തൊഴിലാളി സംഘടനകൾ. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം ഇന്ന് സമരപ്പന്തലിലെത്തും. പ്രശ്‌നം പരിഹരിക്കാൻ എൽ ഡി എഫ് നീക്കം തുടങ്ങിക്കഴിഞ്ഞു. എ വിജയരാഘവൻ സമരക്കാരുമായി നാളെ ചർച്ച നടത്തും. മന്ത്രി കെ കൃഷ്ണൻ കുട്ടി, കാനം രാജേന്ദ്രൻ,എളമരം കരീം എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
ഇതിനിടെ സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ആബ്സെന്‍റ് രേഖപ്പെടുത്താന്‍ ചെയര്‍മാന്‍ ഉത്തരവ് നല്‍കി. വൈദ്യുതി ഭവനില്‍ എസ്.ഐ.എസ്.എഫ്. സുരക്ഷ ഏര്‍പ്പെടുത്തിയതു മുതല്‍ തുടങ്ങിയ സമരമാണെങ്കിലും സര്‍ക്കാരിന് തന്നെ നാണക്കേടായതോടെയാണ് ചര്‍ച്ചക്ക് കളമൊരുങ്ങിയത്. ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇടത് യൂണിയന്‍ തൊഴിലാളികള്‍ സമരം നടത്തുന്നത് ശരിയല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കെ.എസ്.ഇ.ബി വക ഭൂമി സൊസൈറ്റികള്‍ക്ക് ചട്ടം ലംഘിച്ച് പതിച്ചു നല്‍കിയെന്ന ചെയര്‍മാന്‍റെ എഫ്.ബി. പോസ്റ്റില്‍ മുന്‍ മന്ത്രി എം.എം. മണിയും രൂക്ഷമായി പ്രതികരിച്ചിരുന്നു. നയങ്ങള്‍ തിരുത്താന്‍ ചെയര്‍മാന്‍ ബി.അശോക് തയാറാകണമെന്നാണ് സമരക്കാരുടെ ആവശ്യം.
അതേസമയം ഹൈക്കോടതി ഉത്തരവ് മറികടന്നാണ് മുന്നാറിലെ കെ എസ് ഇ ബി ഭൂമിയിൽ അനധികൃത നിർമ്മാണം നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നു. സി പി ഐ എം ഭരിക്കുന്ന മൂന്നാർ സഹകരണ ബാങ്കിനാണ് ഭൂമി നൽകിയിരുന്നത്. ഇവിടെ കളക്ടറുടെ എൻ ഒ സി വാങ്ങാതെ നിരമാണം നടത്തി. എൻ ഒ സി വേണമെന്ന ഹൈക്കോടതി ഉത്തരവും ലംഘിച്ചു. തുടർന്ന് പരാതികൾ ഉയർന്നതോടെ നിർമാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തടയുകയായിരുന്നു.