തിരുവനന്തപുരം: ഇടത് സംഘടനാ നേതാവ് എം.ജി.സുരേഷ് കുമാറിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കെഎസ്ഇബി ചെയർമാൻ ബി. അശോക്. ‘ജോലിക്ക് വരേണ്ടത് മാടമ്പിത്തരം വീട്ടില്‍വച്ചിട്ടാണ്. ധിക്കാരം പറഞ്ഞാല്‍ അവിടെ ഇരിക്കെടോ എന്ന് പറയാന്‍ അറിയാമെന്നും ബി. അശോക് പറഞ്ഞു. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കിടെയാണ് ചെയര്‍മാന്റെ വിമര്‍ശനം. സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിതല ചര്‍ച്ച നടത്താനിരിക്കെയാണ് ചെയർമാന്റെ ഈ പ്രതികരണം.
അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബോർഡ് മാനേജ്മെന്റ് വിട്ടുവീഴ്ചയ്ക്കില്ലെന്നാണു സൂചന. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇനി ഊർജ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണു പ്രശ്ന പരിഹാരത്തിനുള്ള ഔദ്യോഗിക ചർച്ച നടക്കേണ്ടത്.
യൂണിയൻ നേതാക്കൾ മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തിയിരുന്നു. അനുരഞ്ജന നിർദേശങ്ങളിൽ ചിലതിനോടുള്ള വിയോജിപ്പ് അസോസിയേഷൻ നേതാക്കൾ മന്ത്രിയെ അറിയിച്ചിരുന്നു. തുടർന്ന് സിപിഎം നേതാക്കളെയും അവർ ഇക്കാര്യം അറിയിച്ചു. ബോർഡ് മാനേജ്മെന്റ് മുന്നോട്ടുവച്ച ഫോർമുല തൽക്കാലം അംഗീകരിക്കേണ്ട എന്നാണു സിപിഎം നേതൃത്വം അവരോടു നിർദേശിച്ചിരിക്കുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ താൻ ചർച്ച നടത്തുന്നില്ലെന്നും പ്രശ്നപരിഹാരം ഉടനെ ഉണ്ടാകുമെന്നും മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു.