തിരുവനന്തപുരം: മുൻ മന്ത്രി എം.എം. മണിയെ സംശയനിഴലിലാക്കുന്ന വൈദ്യുതി ബോർഡ് ചെയർമാന്റെ വിവാദ ആരോപണത്തിലും ഇടത് ജീവനക്കാരുടെ സംയുക്ത സമരത്തെ കൈകാര്യം ചെയ്ത രീതിയിലും സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തി. സർക്കാറിലെ വിഴുപ്പലക്കലും ഉദ്യോഗസ്ഥൻ രാഷ്ട്രീയ നേതൃത്വത്തെ സംശയനിഴലിൽ നിർത്തുന്നതും എൽ.ഡി.എഫിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഘടകകക്ഷിയുടെ വകുപ്പിൽ ഇടപെടില്ലെന്ന പരസ്യ നിലപാടിനപ്പുറം ശക്തമായ സമരത്തിലൂടെ വ്യക്തമായ സൂചനയാണ് സി.പി.എം നൽകുന്നത്. മണിയെപോലെ മുതിർന്ന നേതാവിന് എതിരായ ആക്ഷേപത്തെ സി.പി.എം ഗൗരവമായാണ് കാണുന്നത്.
ഒന്നാം പിണറായി സർക്കാറിൽ സി.പി.എമ്മിന്റെ കൈവശമായിരുന്നു വൈദ്യുതി വകുപ്പ്. തുടർഭരണത്തിലാണ് ജെ.ഡി.എസിന് വിട്ടുകൊടുത്തത്. കൃഷ്ണൻകുട്ടി വകുപ്പ് കൈകാര്യം ചെയ്യുന്ന രീതിയിൽ സി.പി.എമ്മിനൊപ്പം ജെ.ഡി.എസിലും കടുത്ത അമർഷമുയർന്നിട്ടുണ്ട്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂനിയനുകളുമായുള്ള കെ.എസ്.ഇ.ബി ചെയർമാന്റെ പോരിൽ പക്ഷം ചേരുന്നതിനപ്പുറമാണ് കൃഷ്ണൻകുട്ടിക്ക് എതിരായ ആരോപണം. സ്വജനപക്ഷപാതം മുതൽ കമീഷൻവരെ നീളുന്ന ആക്ഷേപങ്ങളാണ് മന്ത്രിയുടെ സ്വന്തം പാർട്ടിക്കുള്ളിലും തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉയരുന്നത്. ബോർഡ് പിന്തുടരുന്ന സ്വതന്ത്ര സോഫ്ട്വെയർ ഉപേക്ഷിച്ച് കുത്തക സോഫ്ട്വെയർ കൊണ്ടുവരുന്നത് സ്വകാര്യ കമ്പനിക്ക് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടുന്നതിനൊപ്പമാണ് സ്വജനപക്ഷപാത ആരോപണവും ഉയരുന്നത്.
ബോർഡിനുവേണ്ടി 1,200 വൈദ്യുതി കാർ വാങ്ങുന്നതിന് പിന്നിൽ കമീഷനാണെന്നാണ് മറ്റൊരു ആരോപണം. വൈദ്യുതി ബോർഡംഗമാക്കിയ മന്ത്രിയുടെ വിശ്വസ്തൻ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസും ചെയർമാനും ചേർന്നാണ് വകുപ്പിൽ എല്ലാം തീരുമാനിക്കുന്നതെന്നും ദൾ നേതാക്കൾ പറയുന്നു.കഴിഞ്ഞ സർക്കാറിൽ കൃഷ്ണൻകുട്ടി ജലവിഭവ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ കുപ്പിവെള്ള ഫാക്ടറി 30 ലിറ്റർ, 40 ലിറ്റർ കുടിവെള്ളം മാത്രം പുറത്തിറക്കി കുത്തക കമ്പനികളെ സഹായിച്ചെന്നും ആരോപണമുണ്ട്. അന്നും മുരുകദാസിനെ കെ.ഡബ്ല്യു.എ ബോർഡംഗമാക്കി. ബി. അശോകായിരുന്നു എം.ഡി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി 2013ൽ ശിവഗിരി മഠം സന്ദർശിക്കുന്നതിനെ ഭരണ- പ്രതിപക്ഷം എതിർത്തപ്പോൾ അനുകൂലിച്ച് ലേഖനമെഴുതിയ ബി. അശോകിനോട് സർക്കാർ വിശദീകരണം ചോദിച്ചിരുന്നു.