ഇടുക്കി : പൊന്മുടി അണക്കെട്ടിനോട് ചേർന്ന് ഹൈഡൽ ടൂറിസത്തിന് പാട്ടത്തിന് നൽകിയ ഭൂമി സംബന്ധിച്ച രേഖകൾ നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും കെഎസ്ഇബി ഹാജരാക്കിയില്ല. പുറമ്പോക്ക് ഭൂമി നിയമ വിരുദ്ധമായി കൈമാറിയത് വിവാദമായതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. പൊന്മുടി അണക്കെട്ടിനോട് ചേർന്ന് കെഎസ്ഇബിയുടെ കൈവശമുള്ള 21 ഏക്കർ സ്ഥലമാണ് ഹൈഡൽ ടൂറിസം പദ്ധതിക്കായി രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് കൈമാറിയത്. ഇതിൽ റവന്യൂ പുറമ്പോക്ക് ഭൂമിയുമുണ്ടെന്ന് 2019 ൽ ഉടുമ്പൻചോല തഹസിൽദാർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇത് തെറ്റാണെന്നായിരുന്നു കെഎസ്ഇബിയുടെ വാദം.
തുടർന്ന് രേഖകൾ ഹാജരാക്കാൻ ഭൂരേഖ തഹസിൽദാർ നോട്ടീസ് നൽകി. കെഎസ്ഇബിയുടെ കല്ലാർകുട്ടിയിലെ ജനറേഷൻ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും ഡാം സുരക്ഷ വിഭാഗത്തിലെ പാംബ്ല എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും രാജാക്കാട് സർവീസ് സഹകരണ ബാങ്കിനുമാണ് നോട്ടീസ് നൽകിയത്. പതിനഞ്ചു ദിവസത്തികം ഹാജരാക്കാനായിരുന്നു നിർദ്ദേശം. എന്നാൽ സമയ പരിധി കഴിഞ്ഞിട്ടും കെഎസ്ഇബി രേഖകളൊന്നും കൈമാറിയില്ല. പദ്ധതി നടപ്പാക്കാൻ കേരള ഹൈഡൽ ടൂറിസം സെന്‍ററുമായി ഉണ്ടാക്കിയ കരാറിന്‍റെ പകർപ്പ് മാത്രം ബാങ്ക് കൈമാറി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാടി ഭൂരേഖ തഹസിൽദാർ തുടർനടപടികൾക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കളക്ടറുടെ ഉത്തരവ് കിട്ടിയ ശേഷം സർവേ നടപടികളുമായി മുന്നോട്ടു പോകാനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനം. പൊന്മുടി അണക്കെട്ട് നിർമ്മാണത്തിനായാണ് ഭൂമി കൈമാറിയത്. വിലകൊടുത്തു വാങ്ങിയ ഭൂമി അല്ലാത്തതിനാൽ കെഎസ്ഇബിക്ക് ഈ സ്ഥലം മറ്റൊരാൾക്ക് കൈമാറാനാകില്ലെന്നാണ് റവന്യൂ വകുപ്പിന്‍റെ നിലപാട്. ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കാൻ കെഎസ്ഇബിക്ക് കഴിയാത്തതിനാൽ ഇത് തിരികെ ഏറ്റെടുക്കാനുള്ള നടപടിയുണ്ടായേക്കും. സ്ഥലത്ത് പരിശോധന നടത്താൻ എത്തിയ റവന്യൂ സർവേ സംഘത്തെ കഴിഞ്ഞ മാസം ബാങ്ക് പ്രസിഡന്‍റ് വി എ കുഞ്ഞുമോൻ തടഞ്ഞിരുന്നു. മുൻകൂട്ടി അറിയിച്ചില്ലെന്ന കാരണം പറഞ്ഞാണ് തടഞ്ഞത്. ഇതേ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയത്.