ന്യൂഡൽഹി : സംസ്ഥാന വൈദ്യുത ബോർഡിലെ സ്ഥാനക്കയറ്റത്തിന് സർക്കാർ പുറത്തിറക്കിയ ഇളവുകൾ സുപ്രീംകോടതി ശരിവെച്ചു. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ചട്ടങ്ങളിൽ സർക്കാർ നൽകിയ ഇളവാണ് ജസ്റ്റിസ് എൽ.നാഗേശ്വർ റാവുവുവിന്റെ അധ്യക്ഷതയിൽ ഉളള ബെഞ്ച് ശരിവെച്ചത്. കേന്ദ്ര ചട്ടങ്ങളിൽ സംസ്ഥാന സർക്കാരിന് ഇളവ് നൽകാൻ കഴിയില്ലെന്ന വാദം സുപ്രീം കോടതി തള്ളി. ഇതോടെ രണ്ട് വർഷമായി കെഎസ്ഇബിയിൽ മുടങ്ങിക്കിടക്കുന്ന സ്ഥാനക്കയറ്റത്തിനുളള തടസങ്ങൾ നീങ്ങിയിരിക്കുകയാണ്.
2010-ലെ സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ചട്ടങ്ങളുടെ ആറ്, ഏഴ് വകുപ്പുകളിലാണ് സംസ്ഥാന സർക്കാർ ഇളവ് നൽകി ഉത്തരവ് ഇറക്കിയത്. ആറാം വകുപ്പ് പ്രകാരം താപ വൈദ്യുത നിലയങ്ങളിലും, ജല വൈദ്യുത പദ്ധതികളിലും എൻജിനീയർ, സൂപ്പർവൈസർ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് എൻജിനീയറിങ്ങിൽ ഡിപ്ലോമയോ, ബിരുദമോ നിർബന്ധമാണ്. ചട്ടം ഏഴ് പ്രകാരം വൈദ്യുത വിതരണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ഡിപ്ലോമ വേണമെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.
എന്നാൽ നിലവിൽ ജോലി ചെയ്യുന്നവർക്ക് വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് അനുവദിച്ച് 2019 ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കി. ഈ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹർജികളാണ് സുപ്രീം കോടതി തള്ളിയത്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ചട്ടങ്ങളിൽ സംസ്ഥാന സർക്കാരിന് ഇളവ് നൽകാൻ കഴിയില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ചട്ടങ്ങളിൽ ഭേദഗതി കൊണ്ട് വരാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കെഎസ്ഇബിക്ക് വേണ്ടി ഹാജരായ പി.വി.ദിനേശ് വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ പി.വി.സുരേന്ദ്ര നാഥ്, സ്റ്റാന്റിംഗ് കോൺസൽ സി.കെ.ശശി എന്നിവർ ഹാജരായി. വിവിധ ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകരായ പി.എൻ.രവീന്ദ്രൻ, വി.ചിദംബരേഷ്, അഭിഭാഷകരായ കെ.രാജീവ്, ലക്ഷ്മീഷ് കാമത്ത് തുടങ്ങിയവർ ഹാജരായി.