തിരുവനന്തപുരം : വൈദ്യുതി കമ്മി തൽക്കാലം ഒഴിവായതിനെത്തുടർന്നു സംസ്ഥാനത്തെ ഭാഗിക ലോഡ് ഷെഡിങ് പിൻവലിച്ചു. ഇന്നും നാളെയും അവധി ദിവസങ്ങൾ ആയതിനാൽ കാര്യമായ കമ്മി പ്രതീക്ഷിക്കുന്നില്ല. ചൊവ്വാഴ്ച വീണ്ടും കമ്മി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ വൈദ്യുതി സംഘടിപ്പിക്കാൻ ശ്രമം നടത്തുകയാണ്.
ക്ഷാമം പരിഹരിക്കാൻ ആന്ധ്രയിൽനിന്ന് 150 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 13.80 രൂപ നിരക്കിൽ വാങ്ങാൻ കരാറായതായി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളോട് പീക്ക് അവറിൽ ഉപയോഗം കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് ഫലമുണ്ടായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ലോഡ്ഷെഡിങ് കൂടാതെ തന്നെ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
ഈ മാസം നാലിന് ഉദ്ഘാടനം ചെയ്യാനിരുന്ന 24 മെഗാവാട്ടിന്റെ പെരിങ്ങൽകുത്ത് നിലയം ഉൾപ്പെടെ അടിയന്തരമായി പ്രവർത്തിപ്പിച്ചാണ് പരമാവധി വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. താപ നിലയങ്ങളിൽ നിന്നുള്ള ലഭ്യത 20% കൂടി കുറഞ്ഞാൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് ബോർഡ് അറിയിച്ചു. സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും താപ വൈദ്യുതിയാണ്.