തിരുവനന്തപുരം > സർവീസ് നടത്തുന്നതിനിടെ കായംകുളത്ത് കെഎസ്‌ആർടിസി ബസിന് തീപിടിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹന വകുപ്പിനെയും കെഎസ്‌ആർടിസി എക്‌സിക്യുട്ടീവ് ഡയറക്ടറെയും( ടെക്‌നിക്കൽ) ചുമതലപ്പെടുത്തിയതായി കെഎസ്‌ആർടിസി സിഎംഡി പ്രമോജ് ശങ്കർ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും.
ഇന്ന് രാവിലെ 9.30നാണ് കായംകുളം എസ്‌എംഎം കോളേജിന് സമീപംവച്ച് ബസിന് തീപിടിച്ചത്. ബസിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഇടപെട്ട് ഉടൻ യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആര്‍ക്കും പരുക്കില്ല. ബസ് പൂര്‍ണമായി കത്തിനശിച്ചു. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. അപകടകാരണം വ്യക്തമല്ല.
കരുനാഗപ്പള്ളി ഡിപ്പോയിലെതാണ് ബസ്. കൊല്ലം കരുനാഗപ്പള്ളിയിൽനിന്ന് തോപ്പുംപടിയിലേക്ക് പോയ അനാക്കൊണ്ട എന്ന പേരില്‍ പ്രസിദ്ധമായ കെഎസ്ആര്‍ടിസിയുടെ ഏക ‘വെസ്റ്റിബ്യുള്‍ ബസാ’ണിത്. രണ്ട് ബസുകള്‍ ചേര്‍ത്ത് വച്ചതു പോലെയാണ് രൂപം.