ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ നിന്ന് കെ.എസ്.ആർ.ടി.സി ആരംഭിച്ച മലക്കപ്പാറ സ്‌പെഷൽ സർവിസിന് പുറമെ ഇനി നെല്ലിയാമ്പതിയിലേക്കും ഉല്ലാസ യാത്ര പാക്കേജ്. ഉല്ലാസ യാത്രയുടെ ഫ്ലാഗ്ഓഫ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. പൊതു അവധി ദിവസങ്ങളിൽ മാത്രം നടത്തുന്ന സർവിസിന് ഒരാളിൽ നിന്ന് ഈടാക്കുന്നത് 680 രൂപയാണ്. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകീട്ടത്തെ ചായയും സ്നാക്സും ഉൾപ്പെടുന്നതാണ് ടിക്കറ്റ് നിരക്ക്. വരയാടുമല സൈറ്റ് സീയിങ്, സീതാർകുണ്ട് വ്യൂപോയൻറ്, സർക്കാർ ഓറഞ്ച് ഫാം, കേശവൻപാറ പോയൻറ്, പോത്തുണ്ടി ഡാം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും.
ഇരിങ്ങാലക്കുടയിൽ നിന്ന് ആരംഭിക്കുന്ന യാത്ര, പാലക്കാട് വടക്കഞ്ചേരിയിലൂടെ നെന്മാറ പോത്തുണ്ടി വഴിയാണ് നെല്ലിയാമ്പതിക്ക് പോകുന്നത്. രാവിലെ ആറിന് പുറപ്പെടുന്ന വണ്ടി രാത്രി 8.30ഓടെ തിരിച്ചെത്തും. ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്പർ 0480 2823990. ഫ്ലാഗ്ഓഫ് ചടങ്ങിൽ മാള കെ.എസ്.ആർ.ടി.സി എ.ടി.ഒ കെ.ജെ. സുനിൽ അധ്യക്ഷത വഹിച്ചു. ടി.എൻ. കൃഷ്ണൻകുട്ടി, അജിത് കുമാർ, ടി.കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
			











                