തിരുവനന്തപുരം: ബസ് യാത്രക്കിടെ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ തലസ്ഥാനത്തെ കെ എസ് ആർ ടി സി ബസിൽ നടന്നത് സംഭവ ബഹുലമായ കാര്യങ്ങൾ. യാത്രക്കാരിയെ രക്ഷിക്കാനായി ബസ് ആംബുലൻസ് ആയി മാറുകയായിരുന്നു ആദ്യം. എന്നാൽ യാത്രക്കാരും ജീവനക്കാരും എല്ലാം ഒരുമിച്ച് നിന്നെങ്കിലും വഴിയിലെ ഗതാഗതകുരുക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. രക്ഷയെന്ത് എന്ന് എല്ലാവരും തലപുകഞ്ഞ് ആലോചിക്കുന്നതിനിടെയാണ് മുന്നിലെ ഒരു കാറിൽ ഡോക്ടറിന്‍റെ സിംബൽ സ്റ്റിക്കർ പതിപ്പിച്ചിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കാർ തടഞ്ഞു ഡോക്ടറിന്റെ സഹായം തേടുകയായിരുന്നു ഏവരും. യുവതിയെ പരിശോധിച്ച ഡോക്ടർ പൾസ് കുറവാണെന്ന് ഡോക്ടർ അറിയിച്ചതോടെ കെ എസ് ആർ ടി സി വീണ്ടും ആംബുലൻസ് ആയി മാറി. ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ യുവതിയെ എത്തിച്ച ശേഷമാണ് ഏവരും മടങ്ങിയത്. മടത്തറയിൽ നിന്നും കടയ്ക്കൽ, സെക്രട്ടറിയേറ്റ് വഴി തിരുവനന്തപുരം പോകുന്ന കിളിമാനൂർ ഡിപ്പോയിലെ RPM386 കെഎസ്ആർടിസി ബസ് ആണ് അതിലെ യാത്രകാരിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് ആയത്.