കൊച്ചി> എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് നവീകരണം ഉടൻ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡും ഗ്യാരേജും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആർടിസി സ്‌റ്റാൻഡ് നവീകരണത്തിന് ചില പ്രായോഗിക പ്രശ്നങ്ങൾ വന്നിരുന്നു. മൊബിലിറ്റ ഹബ്ബിനെ ഏൽപിച്ച് സ്വകാര്യ, കെഎസ്ആർടിസി ബസുകൾക്ക് നഗരത്തിലേയ്‌ക്ക് വന്നുപോകാനുള്ള സംവിധാനമായാണ് ഇത് വികസിപ്പിക്കുക. ഇതിലേയ്‌ക്ക് വാഹനങ്ങൾ വന്നു പോകുന്നതുമായി സംബന്ധിച്ച പ്രശ്നങ്ങളാണ് ഉണ്ടായിരുന്നത്. അതിന് പരിഹാരം കാണും. വ്യക്തത വരുത്തി അധികം വൈകാതെ നിർമാണ പ്രവർത്തനം ആരംഭിക്കും.
കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്‌എംഎൽ) പദ്ധതിയായതുകൊണ്ട് കൃത്യമായി സമയം നിശ്ചയിച്ചാണ് നിർമാണം നടക്കുക. ബാക്കി ഭൂമി കെഎസ്ആർടിസി തന്നെ വികസിപ്പിക്കും. കെഎസ്ആർടിസി ഈ സ്ഥലം വിട്ടു നൽകുന്നതിന് പകരം തത്തുല്യമായ ഭൂമി അവർക്ക് വൈറ്റില മൊബിലിറ്റി ഹബ്ബിൽ നൽകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.