തിരുവനന്തപുരം∙ കെഎസ്ആർടിസി പെൻഷൻ ഇന്നു വിതരണം ചെയ്തില്ലെങ്കിൽ നാളെ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്ന ഹൈക്കോടതി നിർദേശമുള്ളതിനാൽ പെൻഷൻ ഇന്നു വിതരണം ചെയ്യും. സഹകരണ, ധന, ഗതാഗത വകുപ്പുകൾ തമ്മിലുള്ള തർക്കം ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിൽ പരിഹരിച്ച ശേഷം പണം കണ്ടെത്തി ഉച്ചയ്ക്കുശേഷം വിതരണം ചെയ്യാനാണ് ആലോചന.
നിലവിൽ സർക്കാർ, സഹകരണ ബാങ്ക് വഴിയാണ് കെഎസ്ആർടിസി പെൻഷൻ വിതരണം ചെയ്യുന്നത്. 70 കോടിയാണ് ചെലവ്. 8.5% പലിശയാണ് സഹകരണബാങ്കുകൾ സർക്കാരിൽ നിന്ന് ഇൗടാക്കുന്നത്. ആർബിഐ പലിശനിരക്ക് ഉയർത്തിയതിനാൽ 9.25% പലിശ തന്നാലേ തുക നൽകൂവെന്ന നിബന്ധനയിലാണ് കഴിഞ്ഞ മാസത്തെ പെൻഷൻ വിതരണം സഹകരണ വകുപ്പ് നിർത്തിയത്. ധനവകുപ്പ് പലിശ നിരക്ക് ഉയർത്താനാകില്ലെന്ന നിലപാടെടുത്തു.
ജൂൺ വരെ കരാറുള്ളതിനാൽ അതുകഴിഞ്ഞുമാത്രമേ പലിശ നിരക്കിൽ മാറ്റം വരുത്തൂവെന്നും അതുവരെ നിലവിലുള്ള പലിശയ്ക്കു പണം തരണമെന്നും ഗതാഗതവകുപ്പും നിലപാടെടുത്തു. എന്നാൽ സഹകരണ വകുപ്പ് ഇതുവരെ അയഞ്ഞില്ല. അതുകൊണ്ടാണ് ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇന്ന് സഹകരണ വകുപ്പ് പണം നൽകിയില്ലെങ്കിലും മറ്റേതെങ്കിലും വഴി പെൻഷൻ വിതരണം നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.