കൊച്ചി : പുതുവര്‍ഷത്തിന്റെ മൂന്നാം ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് മികച്ച നേട്ടം. തിങ്കളാഴ്ച സര്‍വീസുകളിലൂടെ ആറ് കോടിയിലധികം രൂപയാണ് കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിച്ചത്. കോവിഡ് കാലഘട്ടത്തില്‍ സര്‍വീസില്‍ നിന്നു മാത്രം ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. ക്രിസ്മസ് – പുതുവത്സര അവധിക്കു ശേഷം വന്ന ആദ്യ തിങ്കളാഴ്ച ആയതിനാലാണ് ഇത്രയും ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കൂടാതെ ശബരിമല – പമ്പ പ്രത്യേക സര്‍വീസില്‍നിന്ന് കെ.എസ്.ആര്‍.ടി.സി.ക്ക് നല്ല വരുമാനമുണ്ട്. സൗത്ത് സോണില്‍നിന്ന് 2,65,39,584 രൂപയും നോര്‍ത്ത് സോണില്‍ നിന്ന് 1,50,23,872 രൂപയും സെന്‍ട്രല്‍ സോണില്‍നിന്ന് 2,02,62,092 രൂപയുമാണ് കെ.എസ്.ആര്‍.ടി.സി. തിങ്കളാഴ്ച നേടിയത്. കോവിഡ് ലോക്ഡൗണിനു മുന്‍പ് എട്ട് കോടിയിലധികം രൂപ അവധിക്കു ശേഷമുള്ള ദിവസങ്ങളില്‍ ലഭിച്ചിരുന്നതാണ്.
നിലയ്ക്കല്‍ – പമ്പ സര്‍വീസില്‍ നിന്ന് നല്ല വരുമാനം കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിക്കുന്നുണ്ട്. തിരക്ക് വരുന്നതിനനുസരിച്ച് പ്രോട്ടോക്കോള്‍ പാലിച്ച് കൃത്യമായ സര്‍വീസും ഇവിടെ നിന്ന് നടത്തുന്നുണ്ടെന്ന് നിലയ്ക്കല്‍ അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. ചെങ്ങന്നൂര്‍, കുമളി, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍നിന്നായി പമ്പയിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. തിരക്ക് അനുസരിച്ച് സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കാറുണ്ട്. മകര വിളക്കിനോടനുബന്ധിച്ച് കൂടുതല്‍ സര്‍വീസ് നടത്തും. 5800 ബസുകളോടിയിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ 3000 ബസുകളാണ് സര്‍വീസ് നടത്തുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ അഞ്ഞൂറോളം ബസുകള്‍ അധിക സര്‍വീസ് നടത്താറുണ്ട്.