മലപ്പുറം : കേന്ദ്ര സർക്കാർ നടപ്പാക്കിയ പത്ത് ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ വിയോജിപ്പ് അറിയിച്ച് മുസ്ലിം ലീഗും സമസ്തയും. സുപ്രീം കോടതി വിധി ആശങ്ക ഉയർത്തുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം വേണം. പക്ഷെ സംവരണമല്ല വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധിയെക്കുറിച്ച് പാർട്ടിക്കുള്ളിൽ വിശദമായ ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുന്നാക്ക സംവരണ വിധി നിരാശ ജനകമെന്നാണ് സമസ്ത സംവരണ സമിതി പ്രതികരിച്ചത്. ജഡ്ജിമാരുടെ ഭിന്നാഭിപ്രായം മൂലം വിധിയുടെ മെറിറ്റ് ചോദ്യം ചെയ്യപ്പെടുന്നതാണ്. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും സമസ്ത സംവരണ സമിതി കൺവീനർ മുസ്തഫ മുണ്ടുപാറ പറഞ്ഞു.
സാമ്പത്തിക സംവരണ വിധിയിൽ റിവ്യൂ ഹർജി നൽകുന്നത് പരിശോധിക്കുമെന്ന് സമസ്തയുടെ അഭിഭാഷകൻ സുൽഫിക്കർ അലി പ്രതികരിച്ചു. കോടതി വിധിയിൽ വിയോജിക്കുന്നുവെന്നും നിലവിലെ സംവരണ വ്യവസ്ഥ പുനഃപരിശോധിക്കണമെന്നും പറഞ്ഞ സുൽഫിക്കർ അലി, കോടതി നിരീക്ഷണം എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണെന്നും ചോദിച്ചു. സെൻസസ് നടന്നിട്ടില്ലെന്നും സംവരണത്തിന്റെ ഉദ്ദേശം ദാരിദ്ര നിർമാർജനം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസ് സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്തു. മുന്നാക്ക സംവരണ വിധി കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ഏറെക്കാലമായി കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാൽ നിലവിൽ അർഹതപ്പെട്ടവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപെടരുത്. ഇത് സർക്കാർ ഉറപ്പ് വരുത്തണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.