മാട്ടുപ്പെട്ടി: മൂന്നാർ മാട്ടുപ്പെട്ടി ഡാമിന് സമീപം അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാനക്ക് ഹെർപീസ് വൈറസ് ബാധയെന്ന സംശയത്തില്‍ വനംവകുപ്പ്. ഡാമില്‍ ബോട്ടിംഗ് നടത്താനെത്തിയ വിനോദസഞ്ചാരികളാണ് അവശ നിലയിലുള്ള കുട്ടിയാനയെ ആദ്യം കാണുന്നത്. ഡാമിന് പരിസരത്ത് ഒരാഴ്ച്ചയായി അവശ നിലയില്‍ ആന കിടക്കുന്നത് ശ്രദ്ധിച്ചതോടെ നാട്ടുകാർ പിന്നീട് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ടു വയസ് പ്രായം വരുന്ന പിടിയാനയെ കാട്ടിനുള്ളിലെത്തിച്ച് നിരീക്ഷിക്കുകയാണ് വനപാലകര്‍
തുടക്കത്തില്‍ ആനകൂട്ടത്തിനൊപ്പമായിരുന്നു കുട്ടിയാന. പിന്നീട് ആന ഒറ്റക്കായി. ഇപ്പോള്‍ മിക്ക സമയവും ആന കിടപ്പിലാണ്. ഇതോടെയാണ് രോഗമെന്ന സംശയത്തില്‍ നാട്ടുകാരെത്തുന്നത്. ഉടന്‍ തന്നെ വനംവകുപ്പിനെ അറിയിക്കുകയായിരിന്നു. തുർന്ന് വനപാലകരുടെ നിരീക്ഷണത്തിലാണ് ഹെര്‍പ്പിസ് വൈറസ് ബാധയെന്ന സംശയത്തിലെത്തുന്നത്. നാലുമാസം മുൻപ് മാട്ടുപ്പെട്ടി മേഖലയിൽ രണ്ട് കുട്ടിയാനകൾ ഹെർപിസ് വൈറസ് ബാധിച്ച് ചരിഞ്ഞിരുന്നു. ഇതാണ് ഈ സംശയത്തിന് ആക്കം കൂട്ടുന്നതും. കൂടുതല്‍ നിരീക്ഷണത്തിനു ശേഷം ആവശ്യമെങ്കില്‍ ചികില്‍സ നല്‍കാനാണ് വനംവകുപ്പിന്‍റെ തീരുമാനം.
കഴിഞ്ഞ ദിവസം കാട്ടില്‍ നിന്നും കാട്ടാനകള്‍ കൂട്ടമായി മാട്ടുപ്പെട്ടിയില്‍ എത്തിയിരുന്നു. ഇതില്‍ നിന്നും കൂട്ടംതെറ്റിയ കുട്ടിയാനയാണ് ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 20 ദിവസമായി മേഘലയില്‍ ചുറ്റിക്കറുങ്ങുന്ന കാട്ടാന കാട്ടില്‍ കയറാതെ വന്നതോടെയാണ് ജീവനക്കാര്‍ നിരീക്ഷണം ആരംഭിച്ചത്. ജലാശയത്തിന് സമീപത്തുകൂടി നടന്നിരുന്ന കാട്ടാന ഇപ്പോള്‍ എഴുന്നേല്‍ക്കാനാവാത്ത നിലയിലാണ്. മൂന്നാറിലെ തോട്ടംമേഘലയില്‍ കുട്ടിയാനകള്‍ക്കൊപ്പം നാല് ആനകളെത്തിയിരുന്നു. ഇതില്‍ നിന്നും കൂട്ടം തെറ്റിയ ആനയാണിതെന്നും സൂചനയുണ്ട്.