കുറ്റ്യാടി: കുറ്റ്യാടി ജാനകികാട്ടിലെ പുരാതന ക്ഷേത്ര കിണറിലെ മണ്ണ് നീക്കിയതിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. തൃക്കരിപറമ്പ് ക്ഷേത്രത്തിന് സമീപത്തെ മാലിന്യം നിറഞ്ഞ കിണറ്റിലെ മണ്ണാണ് കഴിഞ്ഞ ദിവസം നീക്കിയ നിലയിൽ കണ്ടെത്തിയത്. മുൻപ് ക്ഷേത്രത്തിൽ നടന്ന താംബൂല പ്രശ്നത്തിൽ കിണറ്റിൽ നിധിയുണ്ടെന്ന് പറഞ്ഞെന്നും ഇത് കേട്ടവരിൽ ആരെങ്കിലും ആകും കിണറ്റിലെ മണ്ണ് നീക്കിയതെന്നുമാണ് നാട്ടുകാർ സംശയിക്കുന്നത്. മണ്ണ് നീക്കം ചെയ്തവർക്ക് നിധി ലഭിച്ചിട്ടുണ്ടാകാമെന്നും കരുതുന്നവരുണ്ട്.
വനത്തിനുള്ളിൽ കിണറ്റിൽ നിന്നുള്ള മണ്ണും ചെളിയും നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കിണറിന് സമീപത്ത് നിന്ന് പണി ആയുധങ്ങളും തോർത്തുമുണ്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേർ മൂന്ന് ദിവസങ്ങളെങ്കിലും എടുത്താകും മണ്ണ് നീക്കം ചെയ്തത്. രാത്രിയിലാണോ മണ്ണ് നീക്കിയതെന്നും സംശയമുണ്ട്. കാട്ടിനുളളിൽ ഇത്തരത്തിൽ ഒരു കിണറുള്ള കാര്യം തന്നെ അറിയുന്നവർ കുറവാണെന്നും പ്രാദേശിക സഹായമില്ലാതെ മണ്ണ് നീക്കൽ നടക്കില്ലെന്നും പറയുന്നവരുണ്ട്.
സംഭവം നാട്ടിൽ പരന്നതോടെ കാട്ടിനുള്ളിലെ ക്ഷേത്ര കിണർ കാണാൻ എത്തുന്നവർ നിരവധിയാണ്. സംഭവത്തിലെ ദുരുഹത മാറ്റാൻ വനം വകുപ്പും പൊലീസും ഇടപെടണമെന്നും നാട്ടുകാർ. വന ഭൂമിയിൽ അതിക്രമിച്ച് കടന്നതിന് വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വനം വകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനത്തിൽ കടക്കാൻ പ്രാദേശിക സഹായം ലഭിച്ചിരിക്കാമെന്നാണ് വനം വകുപ്പിൻ്റെ നിഗമനം.