കിയവ്: യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ ഇന്ധനസംഭരണശാല ആക്രമിച്ച റഷ്യൻ സൈന്യം ഖാർകീവിൽ വാതക പൈപ് ലൈൻ തകർത്തു. കിയവ് നഗരത്തിന് തെക്കുഭാഗത്ത് വാസിൽകീവിലെ ഇന്ധനസംഭരണശാലയാണ് ആക്രമിക്കപ്പെട്ടത്. സ്ഥലത്ത് വൻ സ്ഫോടനമുണ്ടായി. വിഷവാതകം പുറത്തെത്താൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജനാലകളും വാതിലുകളും അടച്ച് വീടുകൾക്കുള്ളിലോ ബങ്കറിലോ കഴിയണമെന്നും അധികൃതർ നിർദേശിച്ചു.
കിയവ് പിടിക്കാൻ നാലാംദിനവും ആക്രമണം കടുപ്പിക്കുകയാണ് റഷ്യ. തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് റഷ്യൻ സേനയുടെ മുന്നേറ്റം. യുക്രെയ്ൻ സൈന്യം ശക്തമായ ചെറുത്ത്നിൽപ്പാണ് നടത്തുന്നത്. റഷ്യൻ സേന കിയവിലേക്ക് കടന്നുകയറാതിരിക്കാൻ റെയിൽവേ ലൈനും പ്രധാന പാലങ്ങളും യുക്രെയ്ൻ സൈന്യം തകർത്തു. പാതകളിലെ ദിശാസൂചികകളും മറ്റും എടുത്തുമാറ്റി.
യുക്രെയ്നിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കിഴക്കൻ മേഖലയിലെ ഖാർകീവിൽ റഷ്യൻ സൈന്യം പ്രവേശിച്ചതായി യുക്രെയ്ൻ അധികൃതർ സ്ഥിരീകരിച്ചു. നഗരത്തിന്‍റെ നിയന്ത്രണം നഷ്ടമാകാതിരിക്കാൻ യുക്രെയ്ൻ സൈന്യം കനത്ത പ്രതിരോധത്തിലാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലടക്കം റഷ്യ കനത്ത ഷെല്ലിങ്ങാണ് നടത്തുന്നത്. യുക്രെയ്നിൽ ഇതുവരെ 64 സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടതായി മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള യു.എൻ ഹൈകമീഷണർ ഓഫിസ് അറിയിച്ചു. വീടുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതിനാൽ നൂറുകണക്കിന് ആളുകൾ വെള്ളവും വൈദ്യുതിയുമില്ലാതെ വലയുകയാണ്.റഷ്യൻ ആക്രമണം ഭയന്ന് ഒന്നരലക്ഷത്തിലധികം ആളുകൾ അയൽ രാജ്യങ്ങളിലേക്ക് കടന്നതായി യു.എൻ അധികൃതർ പറയുന്നു. പോളണ്ട്, ഹംഗറി അതിർത്തികൾ കടക്കാൻ ജനം കുട്ടികളുമായി മണിക്കൂറുകളാണ് കാത്തു നിൽക്കുന്നത്. റഷ്യൻ അധിനിവേശം 50 ലക്ഷം അഭയാർഥികളെ സൃഷ്ടിക്കുമെന്നാണ് ഉക്രെയ്ൻ സർക്കാർ കണക്കുകൂട്ടൽ. യുക്രെയ്നെ നാലു ഭാഗത്തുനിന്നു വളഞ്ഞ് മുന്നേറ്റം നടത്താനാണ് റഷ്യൻ സൈന്യത്തിനു നിർദേശം നൽകിയിരിക്കുന്നത്. റഷ്യൻ ആക്രമണ സാധ്യത മുന്നിൽകണ്ട് കിയവിലെ ജനങ്ങളോട് ഭൂഗർഭ അറകളിൽ കഴിയാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
കിയവിൽ തിങ്കളാഴ്ച രാവിലെ വരെ മേയർ കർഫ്യൂ പ്രഖ്യാപിച്ചു. കർഫ്യു സമയങ്ങളിൽ തെരുവിൽ കാണുന്നവരെ റഷ്യൻ അട്ടിമറിക്കാരായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. റഷ്യൻ സൈന്യം കിയവിലേക്ക് കടന്ന സാഹചര്യത്തിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്.