ദോഹ: ഖത്തർ സ്റ്റാർസ് ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യക്കാരനായി കണ്ണൂർ വളപട്ടണം സ്വദേശി തഹ്സിൻ ജംഷിദ്. ഞായറാഴ്ച രാത്രിയിൽ നടന്ന മത്സരത്തിൽ ചാമ്പ്യൻ ക്ലബ് അൽ ദുഹൈലിനു വേണ്ടിയാണ് 17കാരനായ തഹ്സിൻ ബൂട്ടുകെട്ടിയത്. കളിയുടെ 88ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ താരം 12 മിനിറ്റോളം പന്തുതട്ടി മികച്ച നീക്കങ്ങളും നടത്തി.
ക്ലബിന്റെ അണ്ടർ 19 താരമായിരിക്കെയാണ് കോച്ച് സീനിയർ ടീമിലേക്ക് ക്ഷണിക്കുന്നതും അവസരം നൽകുന്നതും. ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലും തഹ്സിൻ കുപ്പായമണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അണ്ടർ 17 ഏഷ്യൻ കപ്പിലും കളിച്ചിരുന്നു.
1992ൽ അഖിലേന്ത്യ കിരീടം ചൂടിയ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം അംഗവും, ജോപോൾ അഞ്ചേരിക്കൊപ്പം കേരള യൂത്ത് ടീമിൽ കളിക്കുകയുംചെയ്ത കണ്ണൂർ തലശ്ശേരി സ്വദേശിയായ ജംഷിദാണ് തഹ്സിന്റെ പിതാവ്. വളപട്ടണം സ്വദേശി ഷൈമയാണ് മാതാവ്. മിഷാൽ സഹോദരനാണ്. ഖത്തറിൽ ജനിച്ചു വളർന്ന തഹ്സിൻ, ആസ്പയർ അക്കാദമിയിൽ നിന്നാണ് കരുത്തുറ്റ ഫുട്ബാളറായി മാറുന്നത്. കഴിഞ്ഞ ആറുവർഷമായി ആസ്പയറിലാണ് പരിശീലനവും പഠനവുമെല്ലാം.