കൊയിലാണ്ടി: ഗുരുദേവ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരെ സസ്‌പെൻഡ് ചെയ്തു. രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥി തേജു സുനില്‍, മൂന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥി തേജു ലക്ഷ്മി, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി അമല്‍രാജ്, മൂന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ഥി അഭിഷേക് സന്തോഷ് എന്നിവരെയാണ് കോളജ് പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തത്.
സംഘര്‍ഷമുണ്ടായ ദിവസം എസ്.എഫ്.ഐയുടെ ഹെല്‍പ് ഡെസ്‌കിന്റെ ഭാഗമായി പ്രവര്‍ത്തിച്ച വിദ്യാർഥികളാണ് സസ്‌പെന്‍ഷനിലായത്. സംഭവത്തില്‍ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിന്‍സിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിദ്യാർഥികളുടെ സസ്‌പെന്‍ഷന്‍ പ്രിന്‍സിപ്പലിന്റെ പ്രതികാര നടപടിയാണെന്ന് എസ്.എഫ്.ഐ ഏരിയ കമ്മിറ്റി നേതാക്കള്‍ ആരോപിച്ചു.
അതേസമയം, തനിക്ക് സംരക്ഷണം തരാൻ പൗരനെന്ന നിലയിൽ സർക്കാറിന് ബാധ്യതയുണ്ടെന്നും അതിനു വഴിയൊരുക്കണമെന്നും പ്രിൻസിപ്പൽ സുനിൽ ഭാസ്കർ ആവശ്യപ്പെട്ടു. അക്രമസംഭവത്തിനു ശേഷം കോളജിന് അവധി നൽകിയിരിക്കയാണ്