കണ്ണൂർ: ഡോ. പ്രിയ വർഗീസിനെ അസോസിയറ്റ് പ്രഫസറായി നിയമിച്ചതിനെതിരായ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെ കണ്ണൂർ സർവകലാശാല നടത്തിയ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. അസോ. പ്രഫസറായി നിയമിക്കുന്നതിനു വേണ്ട അധ്യാപന പരിചയം കാണിക്കുന്നതിന് സ്വാശ്രയ കോളജിലെ താൽക്കാലിക ജോലിയും പരിഗണിച്ചു. സർവകലാശാല രജിസ്ട്രാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇല്ലാത്ത അധ്യാപന പരിചയം കൂടി ഉൾപ്പെടുത്തിയത്. അധ്യാപന പരിചയത്തിന് യു.ജി.സി ഇറക്കിയ നിബന്ധനകൾക്ക് വിരുദ്ധമാണ് ഈ നടപടി. യു.ജി.സി കൂടി എതിർകക്ഷിയായ കേസിലാണ് സർവകലാശാലയുടെ വിചിത്ര നിലപാട്.
കണ്ണൂർ സർവകലാശാലയുടെ സ്വാശ്രയ ബി.എഡ് കേന്ദ്രത്തിലാണ് പ്രിയ വർഗീസ് താൽക്കാലിക അധ്യാപികയായി ജോലിചെയ്തിരുന്നത്. സ്വാശ്രയ കോളജിലെ സ്ഥിരാധ്യാപന പരിചയംപോലും പലപ്പോഴും തള്ളുന്ന സർവകലാശാലയാണ് ഇക്കാര്യത്തിൽ അമിത താൽപര്യം കാണിച്ചത്.
2018ലെ യു.ജി.സി നിബന്ധന പ്രകാരം താൽക്കാലിക അധ്യാപക ജോലി അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല. സ്ഥിരാധ്യാപക നിയമനത്തിലേതുപോലുള്ള നിയമനപ്രക്രിയയും അതേ ശമ്പളവുമുള്ള കരാർ അധ്യാപകരുടെ സർവിസ് പരിഗണിക്കാമെന്നാണ് യു.ജി.സി നിബന്ധന.
ഇതേ നിയമനപ്രക്രിയയും ശമ്പളവും നൽകാതെയാണ് സ്വാശ്രയ കോളജിലെ താൽക്കാലിക അധ്യാപനമെന്ന് രേഖകൾ ഉണ്ടായിരിക്കെ യു.ജി.സി നിബന്ധന വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ആരോപണം. താൽക്കാലിക അധ്യാപകജോലി നിയമനങ്ങൾക്ക് പരിഗണിക്കാത്ത കണ്ണൂർ സർവകലാശാല പ്രിയ വർഗീസിന്റെ കാര്യത്തിൽ ഉൾപ്പെടുത്തിയത് ആശ്ചര്യകരമാണെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ യോഗം ചൂണ്ടിക്കാട്ടി. മേഖല പ്രസിഡന്റ് ഡോ. ഷിനോ പി. ജോസ് അധ്യക്ഷത വഹിച്ചു.