കൊച്ചി: ലക്ഷദ്വീപ്, മിനിക്കോയ്, അമിനി ദ്വീപുകളിൽ പണ്ടാരഭൂമിയിൽ നാട്ടുരാജ്യമായിരിക്കെ ജനങ്ങൾക്ക് നൽകിയ അവകാശം എടുത്തുകളഞ്ഞ് കേന്ദ്രസർക്കാർ. തലമുറകളായി ഏകദേശം 1500 ദ്വീപുനിവാസികൾ കൈവശംവച്ച പണ്ടാരഭൂമിയിലെ അവകാശമാണ് ഇതുമൂലം നഷ്‌ടമാകുന്നത്. പാർലമെന്റിലും ദ്വീപിലെ ജനാധിപത്യവേദികളിലും ചർച്ച ചെയ്യാതെ കേന്ദ്ര മന്ത്രിസഭാതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം. ദ്വീപുജനതയുടെ അവകാശങ്ങൾ നിഷേധിക്കുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമാണ് ഈ തീരുമാനവും.
ലക്ഷദ്വീപ്, മിനിക്കോയ്, അമിനി ദ്വീപ് ഭൂ വരുമാന, കുടികിടപ്പ് നിയമത്തിലെ 15 എ വകുപ്പാണ് ഒക്ടോബർ 25ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ റദ്ദാക്കിയത്. നാട്ടുരാജാവിന്റെ കീഴിലുള്ള ഭൂമിയിൽ താമസിക്കാനും കൃഷി ചെയ്യാനും ദ്വീപുജനതയ്‌ക്ക് കരാറിലൂടെ നൽകിയ അവകാശം അംഗീകരിക്കാനും അപേക്ഷ നൽകിയാൽ പട്ടയം നൽകാനും അഡ്‌മിനിസ്‌ട്രേറ്റർക്ക് അധികാരം നൽകുന്ന വകുപ്പാണ് 15 എ. ഈ വകുപ്പു ഭേദഗതിയിലൂടെ നിയമത്തിൽ ചേർക്കുംമുമ്പുതന്നെ മാറിമാറിവന്ന കേന്ദ്രസർക്കാരുകൾ പണ്ടാരഭൂമിയിൽ താമസിക്കുന്നവർക്കും കൃഷി ചെയ്യുന്നവർക്കും കൈവശാവകാശം നൽകിപ്പോരുന്നതാണ്. സ്ഥിരമായി ഉടമസ്ഥാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 1500 അപേക്ഷകൾ അഡ്‌മിനിസ്‌ട്രേറ്ററുടെ അടുത്തുള്ളപ്പോഴാണ് പുതിയ വിജ്ഞാപനം.
വിനോദസഞ്ചാരമേഖലയിൽ വലിയ സാധ്യതകളുള്ള ലക്ഷദ്വീപിലെ ഭൂമി കോർപറേറ്റ് ഭീമൻമാർക്ക് കൈക്കലാക്കാൻ അവസരമൊരുക്കുന്നതാണ് നീക്കമെന്ന ആശങ്ക ശക്തമാണ്.