കൊച്ചി : ലക്ഷദ്വീപിലേക്കുള്ള യാത്ര കപ്പലുകൾ ഒരെണ്ണമാക്കി വെട്ടിക്കുറച്ചതിന്റെ ദുരിതം പേറുകയാണ് കുറച്ചുനാളുകളായി ദ്വീപ് ജനത. നേരത്തെ ഏഴ് കപ്പലുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരെണ്ണം മാത്രമാണ് ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്നത്. കപ്പലുകളുടെ കുറവ് മൂലം വിദ്യാർഥികളും രോഗികളുമടക്കമുള്ള യാത്രക്കാർ ലക്ഷദ്വീപിലേക്ക് പോകുന്നതിന് ഏറെ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. രാത്രി മുഴുവൻ ടിക്കറ്റ് കൗണ്ടറിന് സമീപം കാത്തുനിന്നാലും ടിക്കറ്റ് കിട്ടാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. രാത്രി കാത്തുനിന്ന് രാവിലെ ടിക്കറ്റെടുക്കാൻ ചെല്ലുമ്പോൾ പലകാരണങ്ങൾ പറഞ്ഞ് തിരിച്ചയക്കുകയാണെന്നും യാത്രക്കാർ പരാതിപ്പെടുന്നു.
ഒരാഴ്ചക്കുള്ളിൽ മുഴുവൻ കപ്പൽ സർവീസുകളും പുനരാരംഭിച്ച് ഈ യാത്രാദുരിതം പരിഹരിച്ചില്ലെങ്കിൽ വൻ പ്രതിഷേധം നടത്താൻ തയാറെടുക്കുകയാണ് ദ്വീപ് ജനത. ലക്ഷദ്വീപിന് വേണ്ടിയുള്ള സമരങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇതുസംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിനാണ് അരങ്ങൊരുങ്ങുന്നതെന്നാണ് ഐഷ പറയുന്നത്. ലക്ഷദ്വീപിലെ യുവജനങ്ങൾ മുഴുവൻ നിയമപരമായും സമരപരമായുമുള്ള ചെറുത്തുനിൽപ്പിൽ അണിനിരക്കുമെന്ന് ഐഷ ഫേസ്ബുക്ക് കുറിപ്പിലുടെ വ്യക്തമാക്കുന്നു.