ജയ്പൂര്‍: രാജ്യത്തെ ഏറ്റവും പ്രശസ്ത ചരിത്ര സ്മാരകമായ താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന അവകാശവാദവുമായി ബിജെപി എംപി രംഗത്ത്. ജയ്പൂർ രാജകുടുംബത്തിൽ നിന്ന് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ ഭൂമി പിടിച്ചെടുത്തതാണെന്ന് രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി ദിയ കുമാരി പറഞ്ഞു. താജ്മഹല്‍ നിൽക്കുന്ന ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ജയ്പൂര്‍ രാജകുടുംബത്തിലെ അംഗമാണ് എംപി. താജ്മഹലിലെല 20 മുറികൾ തുറന്ന് പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് അനുമതി നൽകണമെന്നും എംപി ആവശ്യപ്പെട്ടു.
‘കേസ് കോടതിയുടെ പരിഗണനയിലാണ്. താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്നത്തെ സാഹചര്യം എന്തായിരുന്നെന്ന് അറിയാത്തതിനാൽ ഭൂമി തങ്ങളുടെതാണെന്ന് പറയുന്നില്ല. എന്നാല്‍ ഇതുസംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടാൽ നൽകും- ദിയ കുമാരി പറഞ്ഞു. താജ് മഹലിനുള്ളിലെ മുറികൾ എന്തിനാണ് പൂട്ടിയിട്ടിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയണം. ധാരാളം മുറികള്‍ സീല്‍ ചെയ്ത അവസ്ഥയിലാണ്. ഇതിനുള്ളില്‍ എന്താണുള്ളതെന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു.
ഹിന്ദു വിഗ്രഹങ്ങളുടെയും പുരാണങ്ങളുടെയും സാന്നിധ്യം തിരിച്ചറിയാന്‍ താജ്മഹലിനുള്ളിലെ 20 മുറികള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്‌ഐ) നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ യുപിയില്‍ നിന്നുള്ള ബിജെപി നേതാവ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് എംപി രംഗത്തെത്തിയത്. താജ്മഹലിനുള്ളില്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് അയോധ്യയിലെ ബിജെപി മീഡിയ തലവൻ രജ്‌നീഷ് സിങാണ് കോടതിയെ സമീപിച്ചത്.