കോട്ടയം: മുണ്ടക്കയം വെട്ടുകല്ലാംകുഴിയിൽ ഉരുൾ പൊട്ടി. ഇത് ജനവാസ മേഖലയല്ലാത്തതിനാല്‍ ആളപായം ഒഴിവായി. രാവിലെ കൂട്ടിക്കൽ കടുങ്ങയിലും ഉരുൾ പൊട്ടിയിരുന്നു.
സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.