ശരണ്യ ശശി ഇന്നും മലയാളികളിൽ നോവുണർത്തുന്നൊരു ഓർമയാണ്. എല്ലാവരോടും ചിരിച്ച് സ്നേഹത്തോടെ സംസാരിച്ചിരുന്ന ശരണ്യ ക്യാസറിനോട് പോരാടി തിരിച്ചു വന്നത് പതിനൊന്ന് തവണയാണ്. എന്നാൽ ഒടുവിൽ അമ്മ ഗീതയെയും സഹോദരങ്ങളെയും തനിച്ചാക്കി ശരണ്യ യാത്രയായി. ഇപ്പോഴിതാ തന്റെ മകൾക്ക് ക്യാൻസർ ആണെന്ന് എങ്ങനെ മനസിലാക്കി എന്ന് വെളിപ്പെടുത്തുകയാണ് ഗീത.
“ഹൈദരാബാദിൽ വച്ചാണ് ശരണ്യയ്ക്ക് തലവേദന വരുന്നത്. കുടം കൊണ്ട് ആരോ തലയ്ക്ക് പുറകിൽ അടിക്കുന്ന പോലെ വേദന വരുമെന്ന് അവൾ പറയുമായിരുന്നു. കുറച്ച് സമയം അതുണ്ടാകും പിന്നെ അങ്ങ് പോകും. അതികഠിനമായി വേദന വന്നാൽ പെയിൻ കില്ലർ എടുത്ത് കഴിക്കും അഭിനയിക്കാൻ പോകും. അവിടെ ഉള്ളവർ മൈഗ്രേന്റേത് ആയിരിക്കും നല്ലൊരു ന്യൂറോളജിസ്റ്റിനെ കാണിക്കാൻ പറഞ്ഞു. ആശുപത്രിയിൽ പോയപ്പോൾ മൈഗ്രേനിനുള്ള ഗുളിക തന്നു. പക്ഷേ അത് കഴിച്ചിട്ടും മാറുന്നില്ല. വീണ്ടും ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർക്ക് എന്തോ പന്തികേട് തോന്നി. എംആർഐ സ്കാനിംഗ് എടുക്കാൻ എഴുതി തന്നു. അന്ന് അതിന് അവൾ സമ്മതിച്ചില്ല. വേറൊരു ദിവസം ഡ്രെസ് എടുക്കാൻ പോകുന്നുവെന്ന് പറഞ്ഞ് നേരെ ആശുപത്രിയിലേക്ക് പോകാൻ ഡ്രൈവറിനോട് പറഞ്ഞു. സിടി എടുക്കാൻ അയച്ചു. അതിന് അഞ്ചോ പത്തോ മിനിറ്റ് മതി. പക്ഷേ ഇവളെ അവിടുന്ന് ഇറക്കുന്നില്ല. ഡോക്ടർമാർ എല്ലാവരും അതിനകത്തേക്ക് ഓടുന്നുണ്ട്. അപ്പോഴേക്കും എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലായി എനിക്ക്. അവിടെന്ന് എംആർഐ എടുക്കാൻ പോയി. ഡോക്ടർമാർ പറയുന്നത് കേട്ട് അവൾക്ക് കാരണം മനസിലായി. പക്ഷേ എന്നോട് ഒന്നും പറയരുതെന്ന് അവൾ അവരോട് പറഞ്ഞിരുന്നു. പിന്നീട് സംഗതി സീരിയസ് ആണെന്ന് ഡോക്ടർ പറഞ്ഞു. എത്രയും വേഗം സർജറി ചെയ്യണം എന്ന്. സത്യം പറഞ്ഞാൽ ഒരു നിസഹായ അവസ്ഥ ആയിരുന്നു എനിക്ക്. മകൻ പൊട്ടിപൊട്ടി കരയുകയാണ്. സർജറി കഴിഞ്ഞാലും ശരണ്യയെ കിട്ടുമെന്ന് ഡോക്ടർമാർക്ക് ഉറപ്പില്ലായിരുന്നു. ഓഗസ്റ്റ് 28ന് ശ്രീചിത്തിരയിൽ അവളെ അഡ്മിറ്റ് ചെയ്തു. പിറ്റേന്ന് ഓണം. 30ന് സർജറി. ഇതൊക്കെ ഉണ്ടെങ്കിലും ശരണ്യ എപ്പോഴും ചിരിക്കും. സര്‍ജറിയുടെ തലേദിവസം ഡു ഓര്‍ ഡൈ എന്നാണ് ശരണ്യയോട് ഡോക്ടര്‍ പറഞ്ഞത്. പൊതുവിൽ ബന്ധുക്കളോടാണ് അവരത് പറയുക. പക്ഷേ അവളോട് തന്നെ അവർ പറഞ്ഞു”, എന്നാണ് ഗീത പറഞ്ഞത്. മൈൽ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു അവരുടെ വെളിപ്പെടുത്തൽ.
2021 ഓഗസ്റ്റ് 9ന് ആണ് ശരണ്യ അന്തരിച്ചത്. പത്ത് വർഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യയെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.