ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴു വരെ രാജ്യത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. മൂന്നു ഘട്ടങ്ങളായി നടത്തുന്ന സമരപരിപാടികള്‍ക്ക് ‘മെഹംഗായി മുക്ത് ഭാരത് അഭിയാന്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.
മാര്‍ച്ച് 31ന് രാവിലെ 11 മണിക്ക് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാലചാര്‍ത്തി പ്രതിഷേധിക്കും. വിലക്കയറ്റത്തില്‍ ഒരു മാറ്റവുമില്ലെന്നും തിയ്യതി മാത്രമാണ് മാറുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
‘വോട്ട് ചെയ്ത ജനങ്ങളെ മോദി വഞ്ചിച്ചു. പൊതുജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ രാജ്യം പിറകോട്ടാണ് പോകുന്നത്. പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തര്‍ പ്രദേശിലെ സൗജന്യ എല്‍പിജി സിലിണ്ടര്‍ വിതരണവും നിര്‍ത്തിവെച്ചു.’ രണ്‍ദീപ് കൂട്ടിച്ചേര്‍ത്തു.