തിരുവനന്തപുരം: ഗുണ്ടാ സംഘം തട്ടികൊണ്ടുപോയ കാപ്പ കേസ് പ്രതിയെ പോലീസ് കണ്ടെത്തി. കൊല്ലം നിലമേൽ വാഴോട് മൈലകുന്നിൽ വീട്ടിൽ എ.നിസാ (40) മിനെയാണ് അവശനിലയിൽ പോലീസ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ നവംബർ 28 ന് രാത്രി 9 മണിയോടെ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ്റ്റാൻഡിന് സമീപത്ത് നിന്നുമാണ് ഗുണ്ടാ സംഘം നിസാമിനെ തട്ടികൊണ്ട് പോയത്.
പോലീസ് പറയുന്നത് അനുസരിച്ച് കല്ലംമ്പലം സ്വദേശിനിയായ ഷെറിൻ മുഹമ്മദിന്‍റെ ഉടമസ്ഥതയിൽ ഉള്ള ലോറി, ഇവരുടെ ഡ്രൈവറായ ചിഞ്ചിലാൻ എന്ന് വിളിക്കുന്ന നിസ്സാം ഓട്ടം പോയതിന് ശേഷം തിരികെ നൽകിയില്ല. ഈ വിരോധത്തില്‍ ഷെറിൻ മുബാറക്കിന്‍റെ ഗൂഢാലോചനയിൽ കല്ലമ്പലം, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിൽപ്പെടുന്ന നിരവധി കേസുകളിൽ പ്രതിയായ കർണൽ രാജിന്‍റെ നേതൃത്വത്തിൽ ജോസ് ജോയി, മനു റൊണാൾഡ്, ശിവകുമാർ, ബിനു, ബിജു എന്നിവർ ചേർന്ന് രണ്ട് കാറുകളിലായി കിളിമാനൂരിൽ എത്തുകയും നിസാമിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച നിസാമിനെ ഇവര്‍ പിടികൂടി മൃഗീയമായി മര്‍ദ്ദിച്ച ശേഷം കാറില്‍ തട്ടികൊണ്ടു പോവുകയായിരുന്നു.
തുടര്‍ന്ന് നിസാമിനെ കോയമ്പത്തൂർ, മൈസൂർ എന്നിവിടങ്ങളിൽ തടങ്കലിൽ പാർപ്പിച്ച് സംഘം ക്രൂരമായ മര്‍ദ്ധനത്തിന് വിധേയമാക്കി. എന്നാല്‍ ഇതിനിടെ ഇവിടെ നിന്നും നിസാം രക്ഷപ്പെട്ടു. ഇതിനിടെ നിസാമിന്‍റെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണത്തിനിടെ പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയും സംഘത്തിൽപ്പെട്ട കൊല്ലം അയത്തിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ശിവകുമാർ (28), മണമ്പൂർ മുള്ളറംകോട്, സതി നിവാസിൽ ബിനു (32), പുല്ലമ്പാറ, വിജി ഭവനിൽ ബിജു (39), നരിക്കല്ല്മുക്ക്, ബിസ്മി ബംഗ്ലാവിൽ, ഷെറിൻ മുബാറക്ക് എന്നിവര്‍ക്ക് സഹായങ്ങൾ നൽകിയ തൊടുപുഴ ഇലവുംതടത്തിൽ വീട്ടിൽ ആഷിഖ് (35) എന്നിവരെ പൊലീസ് പിടികൂടി.
ഇതിനിടെ തട്ടികൊണ്ട് പോയ സംഘത്തിൽ നിന്നും രക്ഷപ്പെട്ട് അവശനിലയിൽ നിലമേലില്‍ എത്തിയ നിസാമിനെ പൊലീസ് കണ്ടെത്തി. കൂടാതെ പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച 3 കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ പ്രധാനപ്പെട്ട 3 പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡിഐജി നിഷാന്തിനി ഐപിഎസിന്‍റെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ബിനുവിന്‍റെ നിർദ്ദേശാനുസരണം കിളിമാനൂർ ഐ എസ് എച്ച് ഒ എസ്. സനൂജ്, എസ് ഐ വിജിത്ത് കെ. നായർ , ജി എസ് ഐ ബാബു, എ എസ് ഐ ഷജീം, താഹിറുദ്ദീൻ, എസ് സി പി ഒ മഹേഷ്, ബിനു, ഷിജു, സി പി ഒ കിരൺ , ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.