തിരുവനന്തപുരം : സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും സുപ്രീംകോടതിയിൽ ഇന്ന് നിർണ്ണായക ദിനം.മുപ്പത്തിലേറെ തവണ മാറ്റിവച്ചതിനുശേഷം ലാവലിന്‍ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. സ്വര്‍ണക്കടത്തുകേസിന്‍റെ തുടര്‍വിചാരണ മാറ്റണമെന്ന ഇ.ഡിയുടെ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുകയാണ്.
ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ഒന്നാം നമ്പർ കോടതിയിലേക്കാണ് ഇന്ന് കേരളം ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഏറെ നിർണ്ണായകമായ ലാവലിൻ കേസിലെ സിബിഐ അപ്പീൽ. ഒപ്പം സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ട്രാൻസ്ഫർ ഹർജി.ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന എട്ടാമത്തെ കേസായാണ് ലാവലിന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇഡിയുടെ ഹർജി മുപ്പതാമത്തെ കേസും. ഇരു കേസുകളിലും കോടതിയുടെ തീരുമാനം കേരളത്തിൽ സൃഷ്ടിക്കുന്നത് വലിയ ചലനങ്ങളാകും
ലാവലിനിൽ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐയുടെ അപ്പീലും,ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് പരിഗണനയില്‍ ഉള്ളത്. സെപ്റ്റംബർ പതിമൂന്നിന് ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യക്തമാക്കിയത്.എന്നാൽ ലളിത് ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നതിനാൽ ഹർജികൾ പരിഗണിച്ചിരുന്നില്ല. നിരവധി തവണ മാറ്റിവെച്ച സാഹചര്യത്തിൽ ഇന്ന് വിശദമായ വാദം കേൾക്കാനാണ് സാധ്യത.
സ്വർണ്ണക്കടത്തിൽ നേരത്ത ഇഡിയുടെ ഹർജിയിൽ സംസ്ഥാനസർക്കാരും ശിവശങ്കറും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വിചാരണ അട്ടിമറിയ്ക്കുമെന്നത് ഇഡിയുടെ സാങ്കൽപിക ആശങ്കയാണെന്നായിരുന്നു കേരളം വ്യക്തമാക്കിയത്.എന്നാൽ ഇഡി കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയചട്ടുകമായെന്നായിരുന്നു ശിവശങ്കറിന്റെ വാദം.