ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ ഇടപാടുമായി ബന്ധപ്പെട്ട ഹരജികളിൽ ഇന്നും അന്തിമവാദം തുടങ്ങിയില്ല. ഹരജി പരിഗണിക്കുന്ന ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ 110-ാം നമ്പംർ കേസായി ലാവലിൻ ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ മഹാരാഷ്ട്രയിലെ ഒരു കേസിൽ വാദം നീണ്ടതിനാൽ ലാവലിൻ പരിഗണിച്ചില്ല.
ബുധനാഴ്ചയും സമയക്കുറവു മൂലം മാറ്റിയിരുന്നു. എട്ടു വർഷത്തിനിടയിൽ 40 തവണയാണ് ലാവലിൻ ഹരജികൾ സുപ്രീംകോടതി മുമ്പാകെ ലിസ്റ്റ് ചെയ്തതത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയത് ചോദ്യം ചെയ്ത് സി.ബി.ഐ സമർപ്പിച്ച ഹരജിയും ഇക്കൂട്ടത്തിലുണ്ട്.
പന്നിയാർ, പള്ളിവാസൽ, ചെങ്കളം ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ സംസ്ഥാന സർക്കാറിന് 375 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് ലാവലിൻ കേസ്.