കോഴിക്കോട് : ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയശേഷം കണ്ടെത്തിയ കുട്ടികളില്‍ തന്റെ മകളെ തിരിച്ചു തരണമെന്നാവശ്യപ്പെട്ട രക്ഷിതാവിനൊപ്പം ഒരു കുട്ടിയെ വിട്ടു. കുട്ടിയുടെ അമ്മയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. കുട്ടിയെ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് അമ്മ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച് സിഡബ്ല്യുസി ആണ് തീരുമാനം എടുത്തത്. ബാക്കി അഞ്ചു കുട്ടികളുടെ പുനരധിവാസം ഉള്‍പ്പെടെ ഉറപ്പാക്കാന്‍ ഇന്ന് വീണ്ടും സിഡബ്ല്യുസി യോഗം ചേരും. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വെളളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെണ്‍കുട്ടികളെ കാണാതായത്. പോലീസ് അന്വേഷണത്തില്‍ കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ബാലാവകാശ കമ്മീഷന്‍ കുട്ടികളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസിന് മുന്‍പാകെ ഹാജരാക്കി. അതിന് ശേഷം ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാന്‍ ശ്രമം നടത്തിയതെന്ന് കുട്ടികള്‍ നേരത്തെ പോലീസിന് മൊഴിനല്‍കിയിരുന്നു. കുട്ടികളുടെ എതിര്‍പ്പ് മറികടന്ന് തിരികെ ബാലമന്ദിരത്തിലെത്തിച്ചപ്പോള്‍ ഒരാള്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ബാക്കിയുള്ള 5 കുട്ടികളെ മറ്റൊരു ബാലമന്ദിരത്തിലേക്ക് ഉടന്‍ തന്നെ മാറ്റിയേക്കും അതിനിടെ, അറസ്റ്റിലായ യുവാക്കള്‍ നിരപരാധികളെന്ന് വിളിച്ചുപറഞ്ഞ് കുട്ടികള്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്താന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ ഇടപെട്ട് നീക്കി. തിരികെ ബാലമന്ദിരത്തിലെത്തിച്ചതിലും കുട്ടികള്‍ പ്രതിഷേധിച്ചു.