തിരുവനന്തപുരം : കെ എസ് ഇ ബിയിൽ ഇടത് സംഘടനകളും ചെയർമാനും തമ്മിലുള്ള പോര് മുറുകുന്നു. കെ എസ് ഇ ബി ഓഫിസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധവും സത്യാഗ്രഹവും നടക്കും. എന്നാല്‍ സമരത്തെ നേരിടാന്‍ ചെയര്‍മാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. സത്യാഗ്രഹം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ചെയർമാൻ. വിരട്ടല്‍ അംഗീകരിക്കില്ലെന്നും ചെയര്‍മാന്‍റെ സമീപനം തിരുത്തിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും ഓഫിസേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. വനിതാ എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമവിരുദ്ധമായി സസ്പെൻഡ് ചെയ്തതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. അനുമതി കൂടാതെ അവധിയില്‍ പോയി, ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28നായിരുന്നു സസ്പെന്‍ഷന്‍ ഉത്തരവ് നൽകിയത്.
സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോള്‍ ചെയർമാൻ പരിഹസിച്ചുവെന്നും, സംഘടനയുമായി ചര്‍ച്ചക്ക് പോലും തയാറാകുന്നില്ലെന്നും കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേഷൻ ആരോപിച്ചു. അതിനിടെ ചെയര്‍മാന് പന്തുണയുമായി ഏഴ് ഡയറക്ടര്‍മാര്‍ വാര്‍ത്താ കുറിപ്പിറക്കിയിരുന്നു. എക്സിക്യുട്ടീവ് എഞ്ചിനീയറുടെ സസ്പെന്‍ഷന്‍ ചട്ടപ്രകാരമാണെന്നാണ് ഇവരുടെ വാദം. അതിനെ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും ഡയറക്ടർമാർ കുറ്റപ്പെടുത്തി.