തിരുവനന്തപുരം: കെ -റെയിലിനുള്ള സാമൂഹികാഘാത പഠന നടപടികളുമായി സർക്കാർ മുന്നോട്ട്. അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ആറ് മാസത്തിനുള്ളിൽ സാമൂഹിക ആഘാത പഠനം പൂർത്തിയാക്കണമെന്നായിരുന്നു ചട്ടം.
എന്നാൽ, കെ-റെയിൽ പഠനത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നതോടെ പൂർത്തിയാക്കാൻ സാധിച്ചില്ല. ആറ് മാസമെന്ന കാലാവധി കഴിഞ്ഞ മാസം അവസാനിക്കുകയും ചെയ്തു. ആ സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് നിയമോപദേശം തേടിയത്.
ഏജൻസികളുടെ പ്രശ്നം കൊണ്ടല്ല പഠനം പൂർത്തിയാക്കാൻ കഴിയാത്തതെന്ന് വിലയിരുത്തിയ അഡ്വക്കറ്റ് ജനറൽ, അതേ ഏജൻസികളെ കൊണ്ട് പഠനം തുടരാമെന്ന് നിയമോപദേശം നൽകി. ഇതുസംബന്ധിച്ച ഫയൽ റവന്യൂ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി.
മുഖ്യമന്ത്രി ഇക്കാര്യത്തിൽ എന്ത് തീരുമാനമെടുക്കുമെന്നതാണ് നിർണായകം. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പല സന്ദർഭങ്ങളിലും വ്യക്തമാക്കിയിരുന്നു. എന്നാൽ, പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്തത് സർക്കാറിന് മുന്നിൽ വെല്ലുവിളിയായുണ്ട്.