ബംഗളൂരു: നഗരത്തിലെത്തിയ പുലിയെ പിടികൂടാൻ തീവ്രയത്നം. ഞായറാഴ്ച രാത്രിയാണ് കുഡ്ലുഗേറ്റിലെ കെഡന്‍സ അപ്പാർട്മെന്റിന്റെ ഒന്നാം നിലയിലും പാര്‍ക്കിങ് സ്ഥലത്തും പുലി എത്തിയത്. മുകൾ നിലയിലെ വരാന്തയിലും ലിഫ്റ്റിനടുത്തും പുലി നടക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയത്.
ഇതോടെ വനംവകുപ്പ് അധികൃതർ പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. മൈസൂരുവിൽനിന്ന് ഇതിനായി ആറംഗ ദൗത്യസംഘത്തെ ബംഗളൂരുവിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. 45 ഉദ്യോഗസ്ഥരാണ് പിടികൂടാനായി രംഗത്തുള്ളത്. ബൊമ്മനഹള്ളി ഇൻഡസ്ട്രിയൽ ഏരിയയിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലാണ് പുലിയുള്ളത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ പതിവ് പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം ബൊമ്മനഹള്ളി ഇൻഡസ്ട്രിയിൽ ഏരിയയിൽ പുലിയെ കണ്ടിരുന്നു. വിവരം വനംവകുപ്പിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘം തിരച്ചിൽ നടത്തിയത്.
ദൗത്യ സംഘത്തോടൊപ്പം വനംവകുപ്പിന്റെ സംഘവുമുണ്ടെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ (അർബൻ) രവീന്ദ്ര പറഞ്ഞു. ബൊമ്മനഹള്ളി ഭാഗത്ത് ചൊവ്വാഴ്ച രണ്ടുമണിക്കൂർ പരിശോധന നടത്തി തുടർന്ന് മറ്റ് ഭാഗത്തേക്ക് സംഘം നീങ്ങി. പാർപ്പിട സമുച്ചയത്തിൽ പുലിയുടെ കാൽപാദത്തിന്റെ അടയാളം കണ്ടെത്തിയിട്ടുണ്ട്.
കെട്ടിടത്തിന്റെ താഴ്ഭാഗത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പുലിയെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും വനംമന്ത്രി ഈശ്വർ ഖൻഡ്രെ പറഞ്ഞു. ജനങ്ങൾ കൂട്ടംകൂടുന്നത് പൊലീസിനും തലവേദന ഉണ്ടാക്കുന്നുണ്ട്. ജനങ്ങൾ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. പുലിയെ കണ്ട കുഡ്ലു ഗേറ്റ് ഭാഗത്ത് നിരവധി വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ തൊഴിലാളികൾ ഭീതിയിലാണ്. ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തെ സിങ്ങസാന്ദ്ര, എ.സി.ഇ.എസ്. ലേഔട്ട് എന്നിവിടങ്ങളില്‍ പുലിയെ കണ്ടെന്നും പ്രദേശവാസികൾ പറയുന്നു. ശനിയാഴ്ച മുതൽ പ്രദേശവാസികള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വിഡിയോകള്‍ പ്രചരിച്ചിരുന്നു. നഗരത്തില്‍ ബനശങ്കരി, വൈറ്റ് ഫീല്‍ഡ്, തുമകുരു റോഡിലെ ദാസനപുര, മൈസൂരു റോഡിന് സമീപത്തെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും നേരത്തേ പുലിയെ കണ്ടിരുന്നു.