സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍ ! എങ്കില്‍ പോകാം ഇലവീഴാപ്പൂഞ്ചിറയിലേക്ക്. സമുദ്ര നിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ പ്രകൃതി സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന സ്ഥലമാണ് ഇലവീഴാപ്പൂഞ്ചിറ. മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റാണ് ഇവിടത്തെ പ്രത്യേകത. ട്രക്കിംഗ് തന്നെയാണ് മലമുകളിലെ മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും പോലെ ഇലവീഴാപൂഞ്ചിറയെയും ഹൃദ്യമാക്കുന്നത്.
1000 ഹെക്ടര്‍ വിസ്തൃതിയില്‍ വിരാജിക്കുന്ന പൂഞ്ചിറയിലെ നാലു മലകളാല്‍ ചുറ്റപ്പെട്ട താഴ്‌വരയില്‍ വര്‍ഷകാലത്ത് ജലം നിറയുമ്പോള്‍ ഒരു വലിയ തടാകം രൂപപ്പെടുന്ന അപൂര്‍വ്വ സുന്ദരമായ ഒരു കാഴ്ചകൂടി ഇവിടെ കാണാനാകും. മുകളില്‍ മരങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ഇലകളും വീഴില്ല. അങ്ങനെയാണ് ഇലവീപ്പൂഞ്ചിറ എന്നാ പേര് വന്നത്. മരങ്ങള്‍ ഇല്ലാത്തത് കൊണ്ട് തണലും ഉണ്ടാകില്ല. അതുകൊണ്ട് വൈകുന്നേരങ്ങളും പുലര്‍ കാലങ്ങളും തന്നെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഉചിതം. കോട്ടയം ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറ സഞ്ചാരികള്‍ ആഗ്രഹിക്കുന്ന പോലെ ഏറ്റവും സ്വസ്ഥമായ അന്തരീക്ഷമുള്ള തിരക്കുകളില്ലാത്ത ഒരു ഹില്‍ സ്റ്റേഷനാണ്.
കുട്ടിക്കാടുകളും പുല്‍മേടുകയും ഇടയ്ക്കിടയ്ക്ക് നൂല്‍മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞും ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനസ് കീഴടക്കും. പൂഞ്ചിറ സ്ഥിതിചെയ്യുന്നത് കോട്ടയം ജില്ലയിലാണെങ്കിലും ഇടുക്കിയിലെ തൊടുപുഴയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. തൊടുപുഴയില്‍ നിന്ന് 20 കിലോമീറ്റര്‍ സഞ്ചരിച്ച് കാഞ്ഞാറിലെത്തുന്നവര്‍ക്ക് അവിടെ നിന്നും പത്ത് കിലോമീറ്റര്‍ ദൂരമാണ് പൂഞ്ചിറയിലേക്കുള്ളത് ജീപ്പില്‍ ഒരു സാഹസിക യാത്രയെ അനുസ്മരിക്കും വിധം കുത്തനെയുള്ള കയറ്റം കയറി എത്തുമ്പോള്‍ കാഴ്ചയുടെ സദ്യ ഒരുക്കി പുഞ്ചിറ കാത്തിരിക്കുന്നുണ്ടാകും.