തിരുവനന്തപുരം ∙ താൽക്കാലിക നിയമനങ്ങളിലേക്ക് പാർട്ടിക്കാരെ നിർദേശിക്കാൻ ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ചെന്ന ആരോപണത്തിൽ, തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഇന്ന് പൊലീസിൽ പരാതി നൽകും. സിറ്റി പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകുക. കത്ത് വ്യാജമാണെന്നാണ് മേയറുടെ അവകാശവാദം.
കത്തിന്മേൽ വിവാദ കൊടുങ്കാറ്റ് ഉയർന്നെങ്കിലും പരസ്യ പ്രതികരണത്തിന് മേയർ തയാറായിട്ടില്ല. ഇത്തരമൊരു കത്ത് അയച്ചിട്ടില്ലെന്നും കത്തിൽ പറയുന്ന തീയതിൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നുമാണ് മേയറുടെ വിശദീകരണം. ഇന്നു തിരുവനന്തപുരത്ത് എത്തിയ ശേഷം പൊലീസിൽ പരാതി നൽകുമെന്ന് മേയർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാർട്ടി നേതൃത്വത്തിനും മേയർ നേരിട്ട് കണ്ട് വിശദീകരണം നൽകും.
തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ചോദിച്ച് ആനാവൂർ നാഗപ്പനു നൽകിയ കത്താണ് പുറത്തുവന്നത്. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് അഭ്യർഥിച്ചു.
ഇതിനിടെ, എസ്എടി ആശുപത്രിയിലെ 9 ഒഴിവുകളിലേക്ക് യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക അഭ്യർഥിച്ച് കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറിയും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഡി.ആർ.അനിൽ കഴിഞ്ഞ 24നു ആനാവൂർ നാഗപ്പന് അയച്ച കത്തും പുറത്തുവന്നിരുന്നു.