നെടുങ്കണ്ടം: പഞ്ചായത്തിലെ ഒന്നാം വാർഡിൽ പൊന്നാമല പ്രദേശത്ത് പ്രത്യേകതരം പേനിന്റെ ആക്രമണം. ശരീരത്തടക്കം പാടുകളേറ്റ ആറ് കുടുംബത്തിലെ അംഗങ്ങൾ ആരോഗ്യ വകുപ്പിെൻറ നിരീക്ഷണത്തിലാണ്. ആർക്കും പനി ബാധിക്കാതിരിക്കാനാണ് ആരോഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയത്.
പനിയോ മറ്റ് അനുബന്ധ രോഗലക്ഷണമോ ഉണ്ടായാൽ മുണ്ടിയെരുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുകയോ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയോ ചെയ്യണമെന്ന് പട്ടം കോളനി മെഡിക്കൽ ഓഫിസർ ഡോ. പ്രശാന്ത് അറിയിച്ചു.
പേനിെൻറ ആക്രമണം തുടങ്ങിയിട്ട് ഒരു മാസമായെങ്കിലും ആക്രമണമേറ്റവരോ പ്രദേശവാസികളോ ആരെയും അറിയിക്കാതെയും ആരോഗ്യ വകുപ്പിനെ സമീപിക്കാതെയും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഇപ്പോൾ ആറ് കുടുംബത്തിലെ 40 ലധികം ആളുകൾക്കാണ് കടിയേറ്റിട്ടുള്ളത്. ഹാർഡ്ടിക് ഇനത്തിൽപെട്ട ഒരുതരം ജീവിയാണിതെന്നാണ് പ്രാഥമിക നിഗമനം.
വനമേഖലയോട് ചേർന്ന് കുരുമുളക് തോട്ടത്തിൽ ജോലി ചെയ്തവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് ഉപദ്രവമേറ്റത്. കടിയേറ്റ ഭാഗം ചുവന്ന് തടിക്കുകയും വേദനയും നീറ്റലും അനുഭവപ്പെടുന്നതായും പറയുന്നു. കാട്ടുപന്നിയിലും കുരങ്ങന്മാരിലും സാധാരണയായി കണ്ടുവരുന്ന ഒരു തരം പേനുകളാണിതെന്നും അവയിൽ നിന്നുമാവാം ജനങ്ങളിലേക്ക് പകർന്നതെന്നുമാണ് വിലയിരുത്തൽ.