തിരുവനന്തപുരം: സംസ്ഥാനത്ത് വൈൻ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിക്കാൻ ചട്ടങ്ങളായി. മൂന്നു വർഷമാണ് ലൈസൻസിന്റെ കാലാവധി. 50,000 രൂപ വാർഷിക ഫീസ്. എക്സൈസ് വകുപ്പ് തയാറാക്കിയ ചട്ടങ്ങൾ നിയമവകുപ്പ് പരിശോധിച്ചശേഷം നികുതി വകുപ്പിന്റെ അംഗീകാരത്തോടെ പ്രാബല്യത്തിൽവരും. ഈ സാമ്പത്തിക വർഷത്തെ മദ്യനയത്തിൽ പഴങ്ങളിൽനിന്നും വൈൻ ഉൽപ്പാദിപ്പിക്കുന്നതിന് അനുമതി നൽകിയിരുന്നു.
വൈൻ ബോട്ടിലിങ് ലൈസൻസിന്റെ ഫീസ് 5000 രൂപയാണ്. വൈന്‍ ഉൽപ്പാദന കേന്ദ്രത്തിന്റെ പ്രവർത്തനത്തിനായി അപേക്ഷകനും എക്സൈസ് വകുപ്പും കരാറിൽ ഏർപ്പെടണം. സ്ഥാപനവും അതുമായി ബന്ധപ്പെട്ട സ്വത്തുവകകളും സർക്കാരിനു ഈട് നൽകണം. എന്തെങ്കിലും കാരണത്താൽ സർക്കാരിനു പണം തിരികെ പിടിക്കണമെങ്കിൽ ജപ്തി നടപടികളിലേക്കു കടക്കാനാകും. ലൈസൻസ് അനുവദിച്ചതായി അറിയിപ്പ് കിട്ടി 10 ദിവസത്തിനകം കരാറിൽ ഏർപ്പെടണം. ഇല്ലെങ്കിൽ ലൈസൻസ് റദ്ദാകും; ഫീസ് തിരികെ ലഭിക്കില്ല.
ലൈസൻസ് ലഭിക്കാനായി, ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കുന്ന കെട്ടിടത്തെക്കുറിച്ചുള്ള വിവരങ്ങളും സാങ്കേതിക കാര്യങ്ങൾ വിശദമാക്കുന്ന റിപ്പോർട്ടും വൈൻ ഉൽപ്പാദിപ്പിക്കാനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത സംബന്ധിച്ച കാര്യങ്ങളും അപേക്ഷകന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച രേഖകളും എക്സൈസിനു നൽകണം.
വൈന്‍ നിർമാണ യൂണിറ്റിന് അപേക്ഷ ലഭിച്ചാൽ ബന്ധപ്പെട്ട ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ കാർഷിക വകുപ്പിലെ അസി.ഡയറക്ടർ ചെയർമാനായി കമ്മിറ്റി രൂപീകരിക്കണം. ഭക്ഷ്യസുരക്ഷാവകുപ്പിലെ അസി.കമ്മിഷണറും പൊതുമരാമത്ത് വകുപ്പിലെ അസി.എക്സിക്യൂട്ടിവ് എൻജിനീയറും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിലെ ഇൻസ്പെക്ടറും സമിതിയിലെ അംഗങ്ങളായിരിക്കും. ഈ കമ്മിറ്റിയുടെ ശുപാർശ ഉൾപ്പെടുത്തി എക്സൈസ് കമ്മിഷണർക്കു ഡെപ്യൂട്ടി കമ്മിഷണർ ശുപാർശ നൽകണം.എക്സൈസ് കമ്മിഷണർ അപേക്ഷകന്റെ വിവരങ്ങൾ പരിശോധിച്ച്, മുൻപ് അബ്കാരി കേസിൽ പ്രതിയല്ലെന്നും ധനസ്ഥിതി തൃപ്തികരമെന്നും ഉറപ്പാക്കണം. അപേക്ഷ ലഭിക്കുമ്പോൾ ഡെപ്യൂട്ടി കമ്മിഷണറാണ് ലൈസൻസ് പുതുക്കേണ്ടത്. വൈൻ നിർമാണ കേന്ദ്രത്തിലെ വിവിധ റൂമുകളിലേക്ക് ഒരു വാതിൽ മാത്രമേ പാടുള്ളൂ. ഒരു താക്കോൽ ഉടമസ്ഥനും ഒരു താക്കോൽ എക്സൈസ് ഇൻസ്പെക്ടറും സൂക്ഷിക്കണം. ഉൽപ്പാദന കേന്ദ്രത്തിന്റെ ജനലുകൾ ഇരുമ്പ് ഗ്രില്ലുകൊണ്ട് സുരക്ഷിതമാക്കണമെന്നും ചട്ടങ്ങളിൽ പറയുന്നു.