തിരുവനന്തപുരം: പന്ത്രണ്ട് ജില്ലയിലെ 42 തദ്ദേശ വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപ്പട്ടിക പുതുക്കുന്നു. കരട് പട്ടിക ബുധനാഴ്‌ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. അപേക്ഷകളും ആക്ഷേപങ്ങളും മാർച്ച് മൂന്നിന് വൈകിട്ട് അഞ്ചുവരെ സ്വീകരിച്ച് അന്തിമ വോട്ടർപ്പട്ടിക 16ന് പ്രസിദ്ധീകരിക്കും.
2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് പേരുചേർക്കാം. അപേക്ഷ www.sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലോ, സ്ഥാനമാറ്റമോ വരുത്താനുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാനുള്ള അപേക്ഷ നിശ്ചിത ഫോറത്തിൽ അതാത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നേരിട്ടോ തപാലിലോ നൽകണം.
കരട് വോട്ടർപ്പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാ ഓഫീസിലും വില്ലേജ്, താലൂക്കോഫീസുകളിലും കമീഷന്റെ വെബ് സൈറ്റിലും ലഭിക്കും. എറണാകുളം ജില്ലയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: കൊച്ചി കോർപറേഷനിലെ എറണാകുളം സൗത്ത്, തൃപ്പുണിത്തറ നഗരസഭയിലെ പിഷാരി കോവിൽ, ഇളമനത്തോപ്പ്, കുന്നത്തുനാട് വെമ്പിള്ളി, വാരപ്പെട്ടി മൈലൂർ, നെടുമ്പാശ്ശേരി അത്താണി ടൗൺ.