മൂന്നാര്‍: മൂന്നാര്‍ ബോഡിമെട്ട് റോഡില്‍ ഹാരിസണ്‍മലയാളം റ്റീപ്ലാന്റേഷന് കീഴിലുള്ള ലോക്കാട് വ്യൂപോയിന്റ് സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമാകുന്നു.തേയില തോട്ടത്തിന്റെ പരന്നകാഴ്ച്ചയും ചൊക്രമുടിയുടെ ഭീമാകാരതയും മുഖം മിനുക്കിയ ദേശിയപാതയുമൊക്കെയാണ് വ്യൂപോയിന്റിലെ സുന്ദര കാഴ്ച്ചകള്‍. ഏതൊരാളുടെയും മനം കവരും ഇവയെല്ലാം. കാഴ്ച്ചകള്‍ക്കപ്പുറം ലോക്കാട് വ്യൂപോയിന്റിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യമാണ് ഇവിടുത്തെ ചായയും ചായകപ്പും.
കാഴ്ച്ചകള്‍കൊണ്ട് അതിസുന്ദരമാണ് ലോക്കാട് വ്യൂപോയിന്റ്. ഹാരിസണ്‍മലയാളത്തിന് കീഴിലുള്ള തേയിലക്കാടുകള്‍ ക്യാമറകളില്‍ ഒപ്പിയെടുത്ത് കാറ്റിന്റെ സുഗന്ധം ആസ്വാദിച്ച് സഞ്ചാരികള്‍ ഏറെ സമയം ഇവിടെ ചിലവഴിക്കുന്നുണ്ട്. പ്ലാന്റേഷന് കീഴിലെ തേയിലകള്‍ യഥേഷ്ടം വാങ്ങുന്നതോടൊപ്പം ചായയുടെ രുചിയറിഞ്ഞ് മടങ്ങുകയും ചെയ്യാം. കാഴ്ച്ചയുടെ സൗന്ദര്യത്തിനപ്പുറം ഇവിടെ ചായ നല്‍കുന്ന രീതി സഞ്ചാരികള്‍ക്ക് പുതുമ നല്‍കുന്ന മറ്റൊന്നാണ്.
ചായ കുടിക്കുകയും ഒപ്പം കപ്പ് വലിച്ചെറിയാതെ കഴിക്കുകയും ചെയ്യാമെന്നുള്ളതാണ് പ്രത്യേകത. പുതുമയാര്‍ന്ന ചായവില്‍പ്പന രീതി സഞ്ചാരികള്‍ക്കും ഏറെ ഇഷ്ടപ്പെട്ട് കഴിഞ്ഞു. ചായ നുണഞ്ഞ് ബിസ്‌ക്കറ്റ് കപ്പ് കഴിച്ച് കാറ്റിനെ ആസ്വാദിച്ച് നില്‍ക്കുന്ന ധാരാളം പേരെ ലോക്കാട് വ്യൂപോയിന്റില്‍ കാണാം. കട്ടന്‍ ചായക്ക് 20 രൂപയും പാല്‍ ചായക്ക് 30 രൂപയുമാണ് വില. പ്രകൃതി വേണ്ടുവോളം സൗന്ദര്യം നിറച്ചിട്ടുള്ള ലോക്കാട് വ്യൂപോയിന്റിനെ മാലിന്യരഹിതമാക്കി നിര്‍ത്താനും ബിസ്‌ക്കറ്റ് കപ്പും ചായയും നടത്തിപ്പുകാരെ സഹായിക്കുന്നുണ്ട്.