തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ ഇന്നേക്ക് 40ാം നാൾ കേരളം പോളിങ് ബൂത്തിലേക്ക്. കൊടുംവേനലിലെ നീണ്ട പ്രചാരണം പാർട്ടികളെയും സ്ഥാനാർഥികളെയും ഒരുപോലെ വലയ്ക്കും. ഇടതു വലതു മുന്നണികൾ നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ ഏതാനും ഇടങ്ങളിൽ ത്രികോണ മത്സരമൊരുക്കി ബി.ജെ.പിയും രംഗത്തുണ്ട്. 2019ൽ 20ൽ 19ഉം പിടിച്ച് ചരിത്ര നേട്ടം നേടിയ യു.ഡി.എഫ് ഇത്തവണ 20ഉം പിടിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അവകാശപ്പെടുന്നു. കളം മാറിയെന്നും എൽ.ഡി.എഫ് ഇരുപതും നേടുമെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാദം. ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയത് എൽ.ഡി.എഫാണ്. രണ്ടാഴ്ചയിലേറെയായി എൽ.ഡി.എഫ് സ്ഥാനാർഥികൾ റോഡ് ഷോയും പ്രചാരണങ്ങളുമായി ജനങ്ങൾക്കിടയിലാണ്. കോൺഗ്രസ് പട്ടിക അൽപം വൈകിയെങ്കിലും അപ്രതീക്ഷിത നീക്കങ്ങൾകൊണ്ട് അമ്പരപ്പിച്ചു. കൊല്ലം, എറണാകുളം, ആലത്തൂർ, വയനാട് മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.
പത്മജയെ ചാക്കിട്ട് ബി.ജെ.പി നൽകിയ പ്രഹരത്തിന് മുരളിയുടെ മണ്ഡലം മാറ്റത്തിലൂടെ മറുപടി നൽകിയ കോൺഗ്രസ്, വടകരയിൽ കെ.കെ. ശൈലജക്കെതിരെ ഷാഫി പറമ്പിലിനെ അവതരിപ്പിച്ച് മത്സരത്തിന് ആവേശമേറ്റി. കേരളം ഉറ്റുനോക്കുന്ന മത്സരം കെ. മുരളീധരനും വി.എസ്. സുനിൽ കുമാറും സുരേഷ് ഗോപിയും ഏറ്റുമുട്ടുന്ന തൃശൂരിലാണ്. ത്രികോണമത്സരമുള്ള തിരുവനന്തപുരത്ത് ശശി തരൂരിനെ തളക്കാൻ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ (സി.പി.ഐ), കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരൻ (ബി.ജെ.പി) എന്നിവരാണ് അങ്കത്തട്ടിൽ. കോട്ടയത്ത് കേരള കോൺഗ്രസുകാരായ തോമസ് ചാഴികാടനും (മാണി), ഫ്രാൻസിസ് ജോർജും (ജോസഫ്) അങ്കംവെട്ടുന്നു. മുസ്ലിം ലീഗ് സിറ്റിങ് എം.പിമാർ ഇ.ടി.മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി എന്നിവർ മലപ്പുറം, പൊന്നാനി മണ്ഡലങ്ങൾ വെച്ചുമാറി. തെരഞ്ഞെടുപ്പ് കേളികൊട്ടുയരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ മാസപ്പടി വിവാദമായിരുന്നു മുഖ്യവിഷയം. പൗരത്വനിയമം വന്നതോടെ വിഷയം അതായി. ആറു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയിൽ രണ്ടുമാസത്തേത് നൽകിയ സർക്കാർ ക്ഷാമബത്ത വർധന അനുവദിച്ച് ജീവനക്കാരെയും പെൻഷൻകാരെയും കൈയിലെടുക്കാനുള്ള ശ്രമത്തിലാണ്.
പ്രതിരോധത്തിലാക്കിയ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ തൽക്കാലം തടിയൂരി. മലയോര ജനതയുടെ രോഷമടക്കാൻ വന്യജീവി ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അങ്ങനെ ഭരണവിരുദ്ധ വികാരം ഉയരാതിരിക്കാനുള്ള നീക്കങ്ങളിലാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സർക്കാർ ശ്രദ്ധയൂന്നിയത്. കേന്ദ്ര സർക്കാറിന്റെ വർഗീയ അജണ്ടയും ജനാധിപത്യ ധ്വംസനത്തിനുമൊപ്പം പിണറായിക്കെതിരായ ആക്ഷേപങ്ങളും ചർച്ചയാക്കാനാണ് പ്രതിപക്ഷ പദ്ധതി.