ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മേയ് 13നാണ് നാലാംഘട്ട തെരഞ്ഞെടുപ്പ്.ആന്ധ്രാപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ എന്നിവയുൾപ്പെടെ 9 സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കുമായി 96 ലോക്‌സഭാ സീറ്റുകളിലേക്കാണ് നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.ഏപ്രിൽ 25 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മപരിശോധന ഏപ്രിൽ 26 ന് നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 29.
ആന്ധ്രാപ്രദേശിലെ 25 ലോക്‌സഭാ സീറ്റുകളിലും മേയ് 13ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. ജാർഖണ്ഡിൽ മേയ് 13, 20, 25, ജൂൺ 1 തീയതികളിൽ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിൽ മേയ് 13 ന് ഒറ്റ ഘട്ടവും ഒഡീഷയിൽ മേയ് 13, 20, 25, ജൂൺ 1 തിയതികളിൽ നാല് ഘട്ടങ്ങളിലായും വോട്ടെടുപ്പ് നടക്കും.ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.