ചവറ/കൊല്ലം>സാമൂഹിക പെൻഷൻ വേണ്ടെന്ന കേന്ദ്ര നിലപാട് കേൾക്കാൻ മനസില്ലെന്നും ക്ഷേമപെൻഷൻ തകർക്കാൻ ആരും നോക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്തിനാണ് ഇത്ര പെന്‍ഷന്‍ നല്‍കുന്നുവെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നത്. കേരളത്തിന് അർഹമായ ഗ്രാന്റുകൾ കുറച്ചും മറ്റു ഉപരോധങ്ങൾ ഏർപ്പെടുത്തിയും കേന്ദ്രം കേരളത്തെ സാമ്പത്തികമായി പരമാവധി ഞെരുക്കുകയാണെന്നും ചവറയിൽ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഏഴുവർഷത്തിനുള്ളിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട കടമെടുപ്പ് പരിധിയിൽ നിന്ന് പബ്ലിക് അക്കൗണ്ടിന്റെ പേരു പറഞ്ഞ് 1,07, 500 കോടിയിൽപരം രൂപയുടെ വെട്ടിക്കുറവ് വരുത്തി. ഇതാണ് സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയത്.
കേന്ദ്രത്തിന് വെെരാഗ്യമാണ്. ഈ പ്രശ്നങ്ങളെയും അതിജീവിച്ചാണ് കേരളം മുന്നേറുന്നത്. ഗ്രാന്റുകൾ വെട്ടിക്കുറക്കുന്നതിനെതിരെ പ്രതിപക്ഷം ഒന്നും പറയുന്നില്ല. യുഡിഎഫ് സർക്കാർ പിൻവാങ്ങുമ്പോൾ ക്ഷേമപെൻഷൻ കുടിശിക 600 കോടിയായിരുന്നു. അത് എൽഡിഎഫ് സർക്കാരാണ് കൊടുത്തു തീർത്തത്. എന്നിട്ടും പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളത്തില്‍ എല്‍ഡിഎഫിന് അനുകൂല തരംഗം അലയടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും നല്ലരീതിയിൽ നടക്കുന്നതാണ് ക്ഷേമപെൻഷൻ വിതരണം. 45 രൂപ കർഷക തൊഴിലാളി ക്ഷേമപെൻഷൻ നൽകി ആരംഭിച്ച സംവിധാനമാണ് ഇന്ന് ഈ നിലയിൽ എത്തിയത്. ഇന്ന് ഇത് 1600 രൂപയായി. എന്തിനാണ് ഇത്ര അധികം പേർക്ക്, ഇത്രയധികം തുക പെൻഷൻ കൊടുക്കുന്നത് എന്നാണ് കേന്ദ്ര ധന മന്ത്രി പരസ്യമായി തന്നെ ചോദിച്ചത്. അവരുടെ സാമ്പത്തിക നയമല്ല എൽഡിഎഫ് ഇവിടെ നടപ്പാക്കുന്നത്. അവരുടെ സാമ്പത്തിക നയം അവരുടേത് മാത്രമല്ല കോൺഗ്രസിന്റെത് കൂടിയാണ്. കോൺഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയമാണ്. ആ സാമ്പത്തിക നയം കോർപ്പറേറ്റുകളെ സഹായിക്കുന്നതും സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുന്നതും പാവപ്പെട്ടവരെ കൂടുതൽ പാപ്പരീകരിക്കുന്നതും ആണ്. ബദൽ നയത്തിലൂടെ ദാരിദ്ര്യം ഏറെകുറഞ്ഞ ഇന്ത്യയിലെ സംസ്ഥാനമാണ് കേരളം. 1600 എന്ന പെൻഷൻ തുകയും വർദ്ധിപ്പിക്കണമെന്നാണ് എൽഡിഎഫ് കാണുന്നത്.
കേരള സ്റ്റോറി ആർഎസ്എസ് അജണ്ടയാണ്. ആർഎസ്എസ് ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെയാണ്. സംഘപരിവാരിന്റെ കെണിയിൽ ആരും വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ്സ് മാനിഫെസ്റ്റോയിൽ ജിഎസ്ടി നിയമങ്ങൾ മാറ്റും എന്നു പറയുന്നുണ്ട്. അതും ഞങ്ങൾക്ക് യോജിപ്പുള്ള കാര്യമാണ്. നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ആക്റ്റ് പുനപരിശോധിക്കും എന്ന് പേജ് 36 ൽ പറയുന്നുണ്ട്. അതും നല്ലത്. ഇത്രയും നിയമങ്ങൾ റദ്ദ് ചെയ്യുമ്പോഴും സിഎഎ വിഷയത്തിൽ ഒരക്ഷരം പറയുന്നില്ല എന്നു കാണണം.അവിടെ പൗരത്വത്തെ മനഃപൂർവം മാറ്റി നിർത്തിയതായി കാണാം. മാനിഫെസ്റ്റോയിൽ പലയിടത്തും മറ്റു പല നിയമങ്ങളും പേരെടുത്ത് റദ്ദ് ചെയ്യുമെന്നു പറഞ്ഞ കോൺഗ്രസ്സിന് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചു മിണ്ടാൻ ഭയമാണ് എന്നാണ് ഇത് കാണിക്കുന്നത്.മുഖ്യമരന്തി പറഞ്ഞു.