കൊച്ചി > ലണ്ടനിൽനിന്ന് കാറിൽ കൊച്ചിയിലേക്ക് യാത്ര തിരിച്ച് യുകെ മലയാളിയും സിനിമാ നിർമാതാവുമായ രാജേഷ് കൃഷ്‌ണ. റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി എന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയാണ് ‘ലണ്ടൻ ടു കേരള’ ക്രോസ് കൺട്രി റോഡ് ട്രിപ്പിന്റെ ലക്ഷ്യം. 55 ദിവസംകൊണ്ട് 75 നഗരങ്ങൾ കടന്ന് 20,000 കിലോമീറ്റർ താണ്ടിയാണ് കൊച്ചിയിലെത്തുക.എട്ടാംവയസ്സിൽ ബ്രെയിൻട്യൂമർ ബാധിച്ച് മരിച്ച യുകെ മലയാളി റയാൻ നൈനാന്റെ സ്‌രണാർഥം ആരംഭിച്ചതാണ് റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി (ആർഎൻസിസി). മാരകരോഗങ്ങളുള്ള കുട്ടികളെ സഹായിക്കുക എന്നതാണ് ചാരിറ്റിയുടെ പ്രധാന ലക്ഷ്യം. യുകെയിലെ ഹെലൻ ഹൗസ് ഹോസ്‌പിസ്, ഇയാൻ റെന്നി നഴ്‌സിങ് ടീം, തിരുവനന്തപുരത്തെ റീജണൽ ക്യാൻസർ സെന്റർ എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾക്കാണ് സഹായമെത്തിക്കുക. ചാരിറ്റിയെക്കുറിച്ച് കൂടുതലറിയാൻ https://www.london2kerala.com , http://www.rncc.org.uk/ എന്നീ വൈബ് സൈറ്റുകൾ സന്ദർശിക്കുക.
നിലവിൽ രാജേഷ് കൃഷ്‌ണ ഓസ്ട്രിയയിലെ വിയന്നയിലെത്തിയിട്ടുണ്ട്. യൂറോപ്പ് കഴിഞ്ഞാൽ തുർക്കി, ഇറാൻ, തുർക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, ചൈന, ടിബറ്റ് തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് നേപ്പാൾവഴി ഇന്ത്യയിലെത്താനാണ് പദ്ധതി. വോൾവോ എക്‌സി 60 യിൽ 75 നഗരങ്ങളിലൂടെയാണ് യാത്ര. പത്തനംതിട്ട വാര്യാപുരം ടി ജി കൃഷ്‌ണപിള്ളയുടെയും ടി കെ രമാഭായിയുടെയും മകനാണ് രാജേഷ് കൃഷ്‌ണ. ഭാര്യ അരുണനായർ ലണ്ടനിലെ എൻഎച്ച്എസ് ക്യാൻസർ റിസർച്ചിൽ ജോലി ചെയ്യുന്നു. ദീർഘകാലമായി യുകെയിലാണ് താമസം.